സ്വാദിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ഉയര്‍ന്ന പോഷകഗുണവും ഉള്ള നട്സാണ് പിസ്ത. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ചേര്‍ക്കുന്നത് നിങ്ങളെ ആരോഗ്യവാനായിരിക്കാന്‍ മാത്രമല്ല, വിവിധ രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും.
പിസ്തയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ബീറ്റാ കരോട്ടിന്‍, ഒലിയാനോലിക് ആസിഡ് എന്നീ സംയുക്തങ്ങള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, കാത്സ്യം, ഫോസ്ഫറസ്, തയാമിന്‍, മാംഗനീസ് തുടങ്ങിയ അവശ്യ പോഷകങ്ങള്‍ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
പിസ്ത കഴിക്കുന്നത് കൊണ്ടുളള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം;
ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു
പിസ്തയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ഇത് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിന്‍ ബി രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. ആര്‍ജിനൈന്‍, വൈറ്റമിന്‍ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പിസ്ത.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്തും. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്താനും ഏറെ നല്ലതാണ് പിസ്ത. പ്രമേഹമുള്ളവര്‍ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാന്‍ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പിസ്ത നല്ലതാണ്.
ഗര്‍ഭകാലത്തെ ക്ഷീണം അകറ്റുന്നു
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. പ്രോട്ടീന്റെ കലവറയാണ് പിസ്ത. ഗര്‍ഭിണികള്‍ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. ഗര്‍ഭകാലത്ത് പ്രമേഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പിസ്ത പാലില്‍ ചേര്‍ത്ത് വേണമെങ്കിലും കുടിക്കാവുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്നു
ചില ഭക്ഷണങ്ങള്‍ക്ക് തണുപ്പിനെ ചെറുക്കാന്‍ സഹായിക്കുന്ന ഗുണങ്ങളുണ്ട്. പിസ്ത, ശരീരത്തിന്റെ ആന്തരിക താപത്തിന് കാരണമാകുമെന്ന് കരുതപ്പെടുന്നു. ശൈത്യകാല ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ ആവശ്യത്തിന് ചൂട് നിലനിര്‍ത്താന്‍ സഹായിക്കും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചത്
പിസ്തയില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതില്‍ ഈ കൊഴുപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തുന്നു
പിസ്ത നാരുകളാല്‍ സമ്പന്നമായതിനാല്‍. അവ ദഹനം മികച്ചതാക്കുകയും കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ ഉപാപചയത്തെ പിന്തുണയ്ക്കുന്നു.