പാരിസ്: പാരിസ് ഒളിംപിക്സിൽ വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകള്‍ അസ്തമിച്ചു. വ്യക്തിഗത ഇനത്തില്‍ പ്രതീക്ഷ നല്കി മുന്നേറിയിരുന്ന ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടറിൽ പുറത്ത്.
ദക്ഷിണ കൊറിയയുടെ നാം സുഹ്യോനോട് 4–6നാണ് ദീപിക പരാജയപ്പെട്ടത്. മൂന്നാം സെറ്റ് അവസാനിച്ചപ്പോള്‍ സുഹ്യോണിനെതിരെ 4-2ന് മുന്നിലായിരുന്ന ദീപിക പ്രതീക്ഷ നല്‍കിയെങ്കിലും അവസാന രണ്ട് സെറ്റിലെ മോശം പ്രകടനത്തോടെ 4-6ന്‍റെ തോല്‍വി വഴങ്ങി. മികച്ച പ്രകടനം കാഴ്ച വെക്കാനായെങ്കിലും ദീപികയ്ക്ക് മെഡല്‍ നേട്ടത്തിലെത്താനായില്ല.
ആദ്യ സെറ്റില്‍ 28 പോയന്‍റ് നേടിയ ദിപീകക്കെതിരെ സുഹ്യോണിന് 26 പോയന്‍റേ നേടാനായിരുന്നുള്ളു, രണ്ടാം സെറ്റില്‍ ദീപിക 25 പോയന്‍റിലൊതുങ്ങിയപ്പോള്‍ സുഹ്യോണ്‍ 28 പോയന്‍റ് നേടി തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ 29 പോയന്‍റ് നേടി ദീപിക തിരിച്ചുവന്നപ്പോള്‍ സുഹ്യോണിന് 28 പോയന്‍റെ നേടാനായുള്ളു. നാലാം സെറ്റില്‍ സുഹ്യോണ്‍ 29 പോയന്‍റ് നേടിയപ്പോള്‍ ദീപികക്ക് 27 പോയന്‍റേ നേടാനായുള്ളു. അഞ്ചാം സെറ്റില്‍ സുഹ്യോണ്‍ 29 പോയന്‍റുമായി നിര്‍ണായക മുന്നേറ്റം നടത്തിയപ്പോള്‍ ദിപികക്ക് 27 പോയന്‍റെ നേടാനായുള്ളു.
ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ സെറ്റില്‍ വിജയത്തോടെയാണ് ദീപിക തുടങ്ങിയത്. നാം സുഹ്യോനെതിരായ മികച്ച പോരാട്ടത്തിനൊടുവില്‍ 28-26ന് ദീപിക വിജയം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ സുഹ്യോന്‍ ദീപികയെ 25-28ന് വീഴ്ത്തി. മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ദീപിക 29-28 എന്ന സ്‌കോറിന് വിജയം പിടിച്ചെടുത്തു.
നേരത്തെ ജർമൻ താരം മിഷേൽ ക്രോപ്പനെ വീഴ്ത്തിയാണ് ദീപിക ക്വാർട്ടർ ഫൈനലിൽ കടന്നത്.