ഇന്ത്യയിൽ ഒരേയൊരു സജീവ അഗ്നിപർവതമാണുള്ളത്. അത് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലാണ്. ബാരൻ ഐലൻഡ് എന്ന് ഈ അഗ്നിപർവതമുൾപ്പെടുന്ന ദ്വീപ് അറിയപ്പെടുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട് ബ്ലെയറിൽനിന്ന് 135 കിലോമീറ്റർ വടക്കുകിഴക്കുള്ള ഈ ദ്വീപിൽ ഭൂരിഭാഗം സ്ഥലവും വരണ്ടതും ജന്തുക്കൾ താമസിക്കാത്തതുമായ ഇടമാണ്. ഇവിടെ കുറച്ച് ആടുകളുണ്ട്. പണ്ടു ബ്രിട്ടിഷ് കപ്പലുകളിൽ വന്ന ആടുകളുടെ പിൻതലമുറക്കാരാണ് അവ. ദ്വീപിലെ രണ്ട് അരുവികളിൽനിന്നു വെള്ളം കുടിച്ച് ചിലയിടങ്ങളിലുള്ള സസ്യങ്ങൾ ഭക്ഷിച്ചാണ് അവ ജീവിക്കുന്നത്.
ആടുകൾ നമുക്ക് ഏറെ പരിചിതരായ വളർത്തുമൃഗങ്ങളാണ്. ഏതെങ്കിലും വിധത്തിൽ കാട്ടിലെത്തി ജീവിക്കുന്ന നാട്ടാടുകൾ ഫെറൽ ഗോട്ട്സ് എന്നാണ് അറിയപ്പെടുന്നത്. കാട്ടാടുകൾ വേറെയുണ്ട്. പല ബ്രീഡുകളിലും പെട്ട ആടുകൾ ഫെറൽ ഗോട്ട്സ് വിഭാഗത്തിലുണ്ട്. ഇവ പല രാജ്യങ്ങളിലും കാണപ്പെടുന്നു. പരിസ്ഥിതിപരമായി രണ്ട് രീതിയിൽ ഇത്തരം ആടുകൾ സ്വാധീനം ചെലുത്തുന്നു. ചില സന്ദർഭങ്ങളിൽ ഇത്തരം ആടുകൾ അധിനിവേശ സ്പീഷീസുകളായി മാറി തദ്ദേശീയ ജീവികളുടെ ആഹാരം മുടക്കും. അതേസമയം ഇവ അനാവശ്യമായ കളകൾ ഭക്ഷിച്ച് അവയുടെ വളർച്ച തടയുകയും ചെയ്യും.
ഓസ്ട്രേലിയയിലെ ഫെറൽ ഗോട്ട്സ് വളരെ പ്രസിദ്ധമാണ്. ഒരു അധിനിവേശ ജീവിവർഗമായാണ് ഇവ പരിഗണിക്കപ്പെടുന്നത്. 1788 ലാണ് ഓസ്ട്രേലിയയിലേക്ക് ആടുകളെ എത്തിക്കുന്നത്. പിന്നീട് അംഗോറ, കാഷ്മിയർ വിഭാഗത്തിലുള്ള ആടുകളെ വ്യാവസായികാടിസ്ഥാനത്തിൽ കൊണ്ടുവന്നു. എന്നാൽ വ്യവസായം നശിച്ചതോടെ ഇവയിൽ ചിലതു സ്വതന്ത്രരാകുകയും കാട്ടിലേക്കിറങ്ങുകയും ചെയ്തു.ഇവ കാരണം പ്രതിവർഷം രണ്ടരക്കോടി യുഎസ് ഡോളർ ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുന്നെന്നാണ് കണക്ക്. ഫെറൽ ആടുകൾ അമിതമായി മേയുന്നതു കാരണം സസ്യജാലങ്ങൾ വൻതോതിൽ നശിക്കപ്പെടുന്നുണ്ടെന്നും ഓസ്ട്രേലിയയിലെ വിദഗ്ധർ പറയുന്നു. ഓസ്ട്രേലിയയിലെ തദ്ദേശ സഞ്ചിമൃഗങ്ങൾക്കും മറ്റും ഭക്ഷണദൗർലഭ്യമുണ്ടാകാനും ഇവ കാരണമാകാറുണ്ട്.