മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്ത് മൃഗങ്ങള്‍ ഇനി അനാഥരാകില്ല. പരുക്കേറ്റ മൃഗങ്ങള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിയതിന് ശേഷം ഏറ്റെടുക്കാനായി തയ്യാറുള്ള സമീപപ്രദേശങ്ങളിലെക്ഷിര കര്‍ഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏല്‍പ്പിക്കും. 24 മണിക്കൂറും ചൂരല്‍മലയില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്#റെ കണ്ട്രോള് റൂമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകര്‍ഷകരുടെ പേര് വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തും. നിലവില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എന്‍ജിഒ, വോളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരല്‍മല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്പെഷ്യല്‍ ഡിഫെന്‍സ് ഗ്രൂപ്പിനും കൈമാറിയിരുന്നു.
ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
ജീവന് നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്.
ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 ഉരുക്കളെ കാണാതായിട്ടുണ്ട്.
ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം ഇന്നലെ (വെള്ളി) മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രക്ഷാ പ്രവര്‍ത്തന സംഘം സന്ദര്‍ശിക്കുകയും 20 മൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും ചികിത്സയും നല്‍കുകയും ചെയ്തിരുന്നു.