മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ , ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും
അതേസമയം, വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിലോ മറ്റു കൺട്രോൾ റൂമിലോ ഏൽപിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അറിയിച്ചു. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂമിൽ ലഭിച്ച വസ്തുക്കൾ പൊലീസിന് കൈമാറി രസീത് കൈപറ്റണം ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണം.
അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇനി ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സർക്കാർ പുറത്തിറക്കി. കിറ്റുകളിലേക്ക് ആവശ്യമായ പലവ്യഞ്ജനം, വീടുകളിലേക്ക് ആവശ്യമായ ചെറിയ ഫർണിച്ചറുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, കളറിംഗ് ബുക്കുകൾ തുടങ്ങിയവയാണ് പ്രധാനമായും ആവശ്യം. മറ്റു സാധനങ്ങൾ ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.