ന്യൂഡൽഹി: പ്രശസ്തയായ ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡൽഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ 9 മണിക്ക് ഡല്‍ഹി ഹോസ് ഗാസിലെ യാമിനി സ്‌കൂള്‍ ഓഫ് ഡാന്‍സിലാണ് പൊതുദര്‍ശനം നടക്കുക.
സ്വതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും ജനപ്രീതി നേടിയ ക്ലാസിക്കൽ നർത്തകിമാരിൽ ഒരാളാണ്. ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും ഒരുപോലെ തിളങ്ങി. ഒഡിസിയും അവതരിപ്പിച്ചിരുന്നു. വടക്കേ ഇന്ത്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഭരതനാട്യവും കുച്ചിപ്പുഡിയും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
യാമിനി കൃഷ്ണമൂർത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിന്റെ ആസ്‌ഥാന നർത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.
ആന്ധ്രയിലെ ചിറ്റൂർ മദനപ്പള്ളിയിലുള്ള കലാകുടുംബത്തിൽ 1940 ഡിസംബർ 20നാണ് ജനനം. കുടുംബം പിന്നീട് തമിഴ്നാട്ടിലേക്ക് മാറി. അച്ഛൻ സംസ്കൃത പണ്ഡിതനും മുത്തച്ഛൻ ഉർദു കവിയും ആയിരുന്നു. ചെറുപ്രായത്തിൽതന്നെ ചെന്നൈ കലാക്ഷേത്രയിൽ ചേർന്ന് നൃത്ത പഠനം തുടങ്ങി. ആദ്യകാലമുടനീളം ചെലവിട്ടത് ചിദംബരത്തായിരുന്നു. അവിടുത്തെ തില്ലൈ നടരാജ ക്ഷേത്രവും അതിലെ ശിൽപങ്ങളും ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളും ജീവിതത്തെ ഏറെ സ്വാധീനിച്ചു. 1957ൽ ചെന്നെയിൽ ആദ്യ പൊതുപരിപാടി അവതരിപ്പിച്ചു.
പിന്നീട് അനുപമമായ പ്രതിഭ കൊണ്ട് വേദികൾ കീഴടക്കിയ യാമിനി, അടുത്ത ദശകത്തോടെ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ നർത്തകരിലൊരാളായി എണ്ണപ്പെട്ടു. ‘എ പാഷൻ ഫോർ ഡാൻസ്’ എന്ന പേരിൽ ആത്മകഥയെഴുതിയിട്ടുണ്ട്. ന്യൂഡൽഹിയിൽ യാമിനി സ്‌കൂൾ ഓഫ് ഡാൻസ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തിയിരുന്നു.