തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാൻ നിലവിലുണ്ടായിരുന്ന ക്യു ആര്‍ കോഡ് സംവിധാനം പിൻവലിച്ചു. തട്ടിപ്പുകൾക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്.
പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്‌മെന്റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാം. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ.
ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടുത്താനുള്ള സാധ്യത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്യുആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സി.എം.ഡി.ആര്‍.എഫിലേക്കുള്ള പണം അല്ലാതെ വിവിധ സഹായവാഗ്ദാനങ്ങൾ കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ മുന്‍ വയനാട് കളക്ടര്‍ കൂടിയായ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. ഗീതയുടെ ചുമതലയില്‍ ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad @ gmail .com എന്ന ഇ-മെയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്ററും സ്ഥാപിക്കും. 9188940013, 9188940014, 9188940015 എന്നീ നമ്പറുകളില്‍ കോള്‍ സെന്ററുകളില്‍ ബന്ധപ്പെടാം. ലാന്‍ഡ് റവന്യു കമീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോള്‍ സെന്റര്‍ കൈകാര്യംചെയ്യും.