Kerala

ഗംഗാവാലിയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു; അര്‍ജുനായുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവന്‍ എം പി. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും അറിയിച്ചതായി എംകെ രാഘവന്‍ എം പി അറിയിച്ചു.

“ഷിരൂര്‍ ദുരന്തത്തില്‍ അകപ്പെട്ട സഹോദരന്‍ അര്‍ജുനും മറ്റ് രണ്ട് കര്‍ണ്ണാടക സഹോദരങ്ങള്‍ക്കുമായുള്ള തിരച്ചില്‍ പുനരാരംഭിക്കുകയാണ്. പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിര്‍ത്തിവെച്ച തിരച്ചില്‍, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ പുനരാരംഭികക്കും”, കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈല്‍ അറിയിച്ചു.

ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നത്. ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക.