ഉത്രാളിക്കാവ് , പല മലയാളസിനിമകളിലും കണ്ട് പരിചയമുള്ള ക്ഷേത്രമുറ്റമാണിത്. നന്മയുടെ മണമുള്ള , നാട്ടിൻ പുറത്തിന്റെ ശീലുകൾ പാടുന്ന പാടവരമ്പത്തെ ഉത്രാളിക്കാവ് . തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്താണ് ഉത്രാളിക്കാവ് . രുധിരമഹാകാളിക്കാവ് ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത് . മദ്ധ്യകേരളത്തിലെ പ്രശസ്തമായ ‘പതിനെട്ടരക്കാവ്’ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം.മദ്ധ്യകേരളത്തിലെ പുരാതനമായ ഭഗവതിക്കാവുകളിൽ ഒന്നായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നു. ചുറ്റുപാടും ഉയർന്ന മലയോരപ്രദേശങ്ങൾക്കിടയ്ക്ക് താഴ്വരയിലുള്ള ചെറിയ സമതലം എന്ന പ്രത്യേകത ഈ അമ്പലത്തിലെ പൂരാഘോഷത്തിനു് തനിമ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരിയിൽനിന്നും ഏകദേശം രണ്ടു കിലോമീറ്റർ വടക്ക്, തീവണ്ടിപ്പാതയ്ക്കുസമീപം അകമല താഴ്വരയിലെ പാടങ്ങൾക്കരികിലായാണു് വിസ്താരത്തിൽ താരതമ്യേന ചെറുതായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വിസ്തൃതമായ വയലിനു നടുവിൽ, ആൽമരങ്ങൾ കുട ചൂടി നിൽക്കുന്ന ചെറുകാവാണ് ഉത്രാളി ശ്രീ രുധിര മഹാകാളി കാവ്. ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. കൊച്ചി രാജ്യത്തെ പ്രധാനിയായിരുന്ന പാലിയത്തച്ചനെപ്പോലെ തലപ്പള്ളിയിലെ പ്രമുഖനായിരുന്നു കേളത്തച്ചൻ. അകമല താഴ്വരകളിലുള്ള തന്റെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ എത്തിയിരുന്ന കേളത്തച്ചന്റെ ഓലക്കുടയിൽനിന്നും ഭൂമിയിൽ അവരൂഢയായ മൂകാംബികാദേവിയുടെ അംശമാണു് രുധിരമഹാകാളി എന്നത്രേ സ്ഥലവാസികൾ കേട്ടറിയുന്ന ഐതിഹ്യം. പിൽക്കാലത്ത് അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ആ വിഗ്രഹശിലയിൽ പാടത്ത് നെല്ലു കൊയ്യുകയായിരുന്ന ഒരു ചെറുമി അരിവാളിനു മൂർച്ചകൂട്ടുന്നതിനിടയിൽ അതിൽ നിന്നും രക്തം വരുന്നതായി കണ്ടു, പ്രശ്നം വച്ചു നോക്കിയവർക്ക് ശിലയിലെ ദേവീസാന്നിദ്ധ്യം ബോദ്ധ്യമാവുകയും തുടർന്നു് യഥാചാരവിധികളോടെ ക്ഷേത്രം നവീകരിക്കുകയുമായിരുന്നു
കുംഭമാസത്തിലെ ആദ്യത്തെ വെള്ളീയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നത്.എട്ടു ദിവസത്തെ വാര്‍ഷിക ക്ഷേത്രോത്സവം ഈ മേഖലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ്. അവസാന ദിവസത്തെ 21 ആനപ്പുറത്ത് എഴുന്നള്ളിപ്പ് ആഡംബരം കൊണ്ടും വര്‍ണ്ണപൊലിമ കൊണ്ടും, താളമേളങ്ങളുടെ ഗരിമ കൊണ്ടും കേരളമാകെ അറിയപ്പെടുന്നു. എങ്കക്കാവ്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങളിൽ നിന്നുള്ള മൂന്നു പങ്കുകാരാണു് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാർ. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു് ആനകൾ വീതം മൊത്തം 33 ആനകളെ പൂരത്തിനു് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജൻ വേല എന്നീ പരിപാടികളും മുട്ടിറക്കൽ എന്ന വഴിപാടുചടങ്ങും പതിവുണ്ട്. ഉത്സവത്തിലെ മറ്റൊരു പ്രശസ്ത ഇനം ഇവിടത്തെ ‘നടപ്പുര’ പഞ്ചവാദ്യം ആണു് . ക്ഷേത്രവാദ്യാസ്വാദകർക്ക് തൃശ്ശൂർ പൂരത്തിന്റെ ‘ഇലഞ്ഞിത്തറ മേളം, ‘മഠത്തിൽനിന്നുള്ള വരവ്’, ആറാട്ടുപുഴ ‘കൈതവളപ്പ്’ പാണ്ടിമേളം, ഇവയെപ്പോലെത്തന്നെ പ്രിയങ്കരമാണ് ‘നടപ്പുര’ പഞ്ചവാദ്യവും.