ലോകത്ത് നിരവധി പുരാതന നഗരങ്ങളുണ്ട്, പല പ്രതിബന്ധങ്ങൾക്കും എതിരായി തലയുയർത്തിനിൽക്കാൻ അവയിൽ പലതിനും ആയിട്ടുണ്ട്. സിറിയ എന്ന രാജ്യത്തിന്റെ ചരിത്രമെടുത്ത് നോക്കുകയാണെങ്കിൽ ഓരോ കാലത്തും രാഷ്ട്രീയ പ്രക്ഷോഭങ്ങളും അട്ടിമറികളും ആക്രമണങ്ങളും നടന്നിട്ടുള്ളതായി കാണാം. എന്നാൽ പുരാതനകാലം മുതൽ തുടർച്ചയായി മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരവും ഈ സിറിയയിൽ തന്നെയാണ്. സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്കസ് ശരിക്കും സവിശേഷമായൊരിടമാണ്. തുടർച്ചയായി ജനവാസമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണിത്. അത്രയും പഴക്കമുള്ള ഈ നഗരം, ഒരിക്കലും അവസാനിക്കാത്ത രാഷ്ട്രീയ പ്രക്ഷുബ്ധതകൾക്കിടയിലും അതിന്റെ മനോഹരമായ പൈതൃകം സംരക്ഷിച്ചുപോരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്.
ഈ മഹത്തായ പഴയ നഗരം ഒരിക്കൽ നാഗരികതയുടെ കേന്ദ്രമായിരുന്നു, റോമൻ, ബൈസന്റൈൻ, അറബ്, ഓട്ടോമൻ സാമ്രാജ്യങ്ങൾ ഉൾപ്പെടെ ചരിത്രത്തിലുടനീളം വിവിധ സാമ്രാജ്യങ്ങളുടെ ഒരു പ്രധാന സിരാകേന്ദ്രമായിരുന്നു ഇവിടം. ഡമാസ്കസിന്റെ സമ്പന്നമായ ചരിത്രം ചരിത്ര സ്മാരകങ്ങളുടെയും കെട്ടിടങ്ങളുടെയും രൂപത്തിൽ ഇന്നും നമുക്ക് കാണാൻ കഴിയും. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ സിറിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഡമാസ്കസ് സ്ഥിതി ചെയ്യുന്നത്. ആന്റി-ലെബനൻ പർവതനിരയുടെ കിഴക്കൻ താഴ്‌വരയിൽ ഫലഭൂയിഷ്ഠമായ സമതലത്തിലാണ് ഈ പുരാതന നഗരം. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായി ജനവാസമുള്ളതുമായ നഗരങ്ങളിൽ ഒന്നാണെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഡമാസ്കസിൽ ബിസിഇ 10,000 മുതൽ 8,000 വരെ പഴക്കമുള്ള ആവാസവ്യവസ്ഥയുടെ തെളിവുകളുണ്ട്. ആധുനിക ജല ശൃംഖല സംവിധാനങ്ങൾ കണ്ടുപിടിച്ച് ഉപയോഗിച്ചിരുന്ന അരാമിയക്കാരുടെ നിർണായക സെറ്റിൽമെന്റ് പ്രദേശമായും ദമാസ്കസ് അറിയപ്പെടുന്നു. പതിനായിരക്കണക്കിന് വർഷം മുൻപേ ജനവാസമാരംഭിച്ച ഇവിടെ ഇന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.
ഡമാസ്കസിന് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്, അത് അതിന്റെ വാസ്തുവിദ്യ, പാചകരീതി, സംഗീതം, കല എന്നിവയിലൂടെ പ്രതിഫലിക്കുന്നു. മനോഹരമായ മസ്ജിദുകൾ, ചരിത്രപ്രാധാന്യമുള്ള കൊട്ടാരങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ എന്നിവയ്ക്ക് ഡമാസ്കസ് പേരുകേട്ടതാണ്. ഇസ്ലാം, ക്രിസ്തുമതം, യഹൂദമതം എന്നിവയുൾപ്പെടെ നിരവധി മതങ്ങളുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണിത്. ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ഉമയ്യദ് മസ്ജിദ് ഉൾപ്പെടെ നിരവധി ചരിത്രവും മതപരവുമായ സ്ഥലങ്ങളും ഇവിടെയുണ്ട്. പൊതുവെ ദമാസ്കസിലേയ്ക്കുള്ള യാത്ര സുരക്ഷിതമാണെന്നാണ് പരക്കെയുള്ള അഭിപ്രായം.എന്നാൽ സിറിയയിലെ നിലവിലെ സാഹചര്യം രാജ്യത്തെ വിനോദസഞ്ചാരത്തെ വളരെയധികം ബാധിച്ചു എന്നതും സത്യമാണ്. സമീപകാല ഭൂകമ്പങ്ങൾ മാത്രമല്ല ഭൂതകാലത്തെയും വർത്തമാനത്തെയും സംഘർഷങ്ങൾ ഡമാസ്കസിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. എങ്കിലും കാണാനും അറിയാനും പഠിക്കാനുമേറേയുള്ള നാട് തന്നെയാണ് ഈ സിറിയൻ തലസ്ഥാനം.
ഈജിപ്തുകാർ, ഗ്രീക്ക്-റോമക്കാർ, മുസ്‌ലിംകൾ, കുരിശുയുദ്ധക്കാർ, മംഗോളിയക്കാർ, ഓട്ടോമൻമാർ, ഫ്രഞ്ചുകാർ തുടങ്ങി ആധുനിക അറബ് കാലഘട്ടം വരെ ആയിരക്കണക്കിന് വർഷത്തെ തുടർച്ചയായ നാഗരികതകളെ അതിജീവിച്ച ഡമാസ്കസ് ഭൂമിയിലെ ഏറ്റവും ശക്തമായതും ചരിത്രപരവുമായ നഗരങ്ങളിലൊന്നാണ്. ഇന്നും ജനവാസമുള്ള ഈ നഗരത്തിനടിയിൽ പല കാലഘട്ടത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ 8 അടി വരെ ആഴത്തിൽ ഇന്നും കിടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. റോമൻ കാലഘട്ടത്തിലെ കൊത്തളങ്ങൾ, ഗേറ്റുകൾ, ഉമയ്യദ് മസ്ജിദ്, സെന്റ് പോൾ ചാപ്പൽ ഉൾപ്പെടെയുള്ള ഐതിഹാസിക പള്ളികൾ എന്നിവയുടെ ആസ്ഥാനമായ ദമാസ്കസ് യാത്രകളെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലം കൂടിയാണ്.