ന്യൂഡൽഹി: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ വധത്തോടെ പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇസ്രായേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നല്‍കി ഇന്ത്യ. ഇസ്രായേലിനകത്ത് യാത്ര ഒഴിവാക്കാനും അടച്ചിട്ട ഷെൽട്ടറുകളിൽ കഴിയാനും ഇസ്രായേൽ അധികൃതരുമായി നിരന്തര സമ്പർക്കം പുലർത്താനുമാണ് ഇന്ത്യൻ എംബസി മുഖേന വിദേശ മന്ത്രാലയം നൽകിയ സന്ദേശം.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ലബനാനിലേക്ക് യാത്ര നടത്തരുതെന്ന് ബൈറൂത്തിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയതിന്റെ പിറ്റേന്നാണ് ഇസ്രായേലിലും സമാന നിർദേശം.
ഇസ്രായേലിലേക്കുള്ള വിമാന സർവിസ് ആഗസ്റ്റ് എട്ടുവരെ എയർ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. തങ്ങളുടെ വ്യോമപാത തീർത്തും സുരക്ഷിതമാണെന്ന് ഇസ്രായേൽ അവകാശപ്പെട്ടുകൊണ്ടിരിക്കേ എയർ ഇന്ത്യ കൂടാതെ പത്തോളം അന്തർദേശീയ കമ്പനികളും വിമാനങ്ങൾ റദ്ദാക്കി.
അതേസമയം, ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരോട് ലെബനൻ വിടാൻ യുഎസും യുകെയും നിർദേശിച്ചു. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനൻ വിടാനാണ് നിർദേശം. ചില വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു.
ജൂലായ് 31-നായിരുന്നു ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയിൽ ഹനിയെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ കൊല്ലപ്പെട്ടത്. ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ ഫുആദ് ഷുക്കൂറിനെ ഇസ്രയേൽ വധിച്ച് 24 മണിക്കൂറിനകമായിരുന്നു ഹനിയെയുടെ കൊലപാതകം.