ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കെടുക്കുന്നതിന്‍റെ വീഡിയോ പങ്കുവെച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ വിമര്‍ശനം ഉയരുന്നു. വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായിട്ടുള്ളത്. വയനാട്ടിലെ മറക്കാനാവാത്ത ചില ഓര്‍മ്മകളുടെ ദിനം എന്ന് കുറിച്ച് കൊണ്ടാണ് ശശി തരൂര്‍ വീഡിയോ പങ്കുവെച്ചത്.
ശശി തരൂർ ഒരു ട്രക്കിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ ഇറക്കുന്നതിന്‍റെയും ദുരിതാശ്വാസ ക്യാമ്പുകളും മണ്ണിടിച്ചിൽ ബാധിത പ്രദേശങ്ങളും സന്ദർശിച്ചതുമാണ് വീഡിയോയിലുള്ളത്. ബിജെപി നേതാവ് അമിത് മാളവ്യ ശശി തരൂരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത് ‘ശശി തരൂരിന് മരണങ്ങളും ദുരന്തങ്ങളും മറക്കാനാവാത്ത ഓര്‍മ്മകളാണ്’ എന്നാണ് അമിത് മാളവ്യ പ്രതികരിച്ചത്.