Fact Check

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുവെന്ന് തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ എന്ത്?

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം, ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദിവസങ്ങളാണ് കടന്ന് പോയത്. ഉരുള്‍പൊട്ടി മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ മുണ്ടക്കൈ, ചുരല്‍മല മേഖല ദുരന്ത ഭൂമിയായി മാറിയിരുന്നു. ദുരന്തം കണ്ട് നോക്കി നില്‍ക്കാതെ ഇരും കൈയ്യും മെയ്യും മറന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച് വയനാട്ടിലേക്ക് എത്തിയത് ആയിരക്കണക്കിന് മനുഷ്യരായിരുന്നു. രാഷ്ട്രീയ- ജാതി-മത വ്യത്യാസമില്ലാതെ നാടിനുവേണ്ടി അവര്‍ എല്ലാവരും ഒരു മനസോടെ പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് മുന്നിട്ടിറങ്ങി. കേരളത്തെ ഞെട്ടിച്ച ദുരന്തവും തുടര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ രാജ്യമൊട്ടാകെ ഒരേമനസോടെ വീക്ഷിച്ചു. എന്നാല്‍ ഉത്തരേന്ത്യയില്‍ ചില കോണുകളില്‍ നിന്നും ദുരന്ത വാര്‍ത്തയും രക്ഷാപ്രവര്‍ത്തനങ്ങളും വ്യാഖ്യാനിക്കപ്പെട്ടത് തെറ്റായിട്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പലതരം വീഡിയോകളും ഫോട്ടയും വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രക്ഷാപ്രവര്‍ത്തനശ്രമങ്ങളില്‍ പങ്കെടുക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്.) പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇവയെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആര്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകയെന്നും മോദി ഭക്തയെന്നും സ്വയം വിശേഷിപ്പിക്കുന്ന ശീതള്‍ ചോപ്ര, വയനാട്ടിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നാല് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. വയനാട് മുസ്ലീം ജനസംഖ്യ 41% ആണ്, രാഹുല്‍ ഗാന്ധിക്ക് ഏറ്റവും സുരക്ഷിതമായ സീറ്റാണിത്. പക്ഷേ, ആപത്ത് വരുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട എംപിയെ എവിടെയും കാണാനില്ല. മതം, ജാതി, പ്രത്യയശാസ്ത്രം എന്നിവ പരിഗണിക്കാതെ സേവയില്‍ വിശ്വസിക്കുന്ന ഞടട (രാഷ്ട്രീയ സ്വയം സേവക് സംഘം) ആണ് ആളുകളെ സഹായിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ( ആര്‍ക്കൈവ് )

മാധ്യമപ്രവര്‍ത്തകന്‍ അശോക് ശ്രീവാസ്തവും ഇതേ അവകാശവാദവുമായി ചിത്രങ്ങള്‍ പങ്കുവച്ചു. സമാന അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറ്റ് നിരവധി ഉപയോക്താക്കള്‍ ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ചു.

എന്താണ് സത്യാവസ്ഥ, വൈറലായ ട്വീറ്റുകളില്‍ 4 വ്യത്യസ്ത ചിത്രങ്ങളുണ്ട്. അവയെല്ലാം പഴയതാണെന്ന് ഗൂഗിളില്‍ തന്നെ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 2018 ഓഗസ്റ്റ് 18-ന് സംബല്‍പൂരിലെ ആര്‍എസ്എസ് റെംഗാലിയുടെ ഫേസ്ബുക്ക് പേജില്‍ ഒന്നും രണ്ടും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അടിക്കുറിപ്പ് അനുസരിച്ച്, 2018 ഓഗസ്റ്റ് 16- ന് കേരളത്തില്‍ പ്രളയമുണ്ടായതിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ചിത്രം കാണിക്കുന്നു. ട്വിറ്റര്‍ ഉപയോക്താവ് @JyotiBatu 2018 ഓഗസ്റ്റില്‍ രണ്ടാമത്തെ ചിത്രം ട്വീറ്റ് ചെയ്തു, ചിത്രത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രളയബാധിതരെ സേവിക്കുന്നതായി കാണിക്കുന്നു. രണ്ടാമത്തെയും നാലാമത്തെയും ചിത്രങ്ങള്‍ എബിവിപി ഭാസ്‌കര്‍ചാര്യ കോളേജിന്റെ ഫേസ്ബുക്ക് പേജിലും കാണാം . ഒരു പോസ്റ്റില്‍, അവര്‍ ആര്‍എസ്എസിന്റെ സേവാഭാരതി കേരളയുടെയും എബിവിപിയുടെയും സന്നദ്ധപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2018 ഓഗസ്റ്റ് 19-നാണ് പോസ്റ്റ്. മൂന്നാമത്തെ ചിത്രം വിഎസ്‌കെ തമിഴ്നാടിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇതേ കാലയളവിലേതാണ് . അവിടെ നല്‍കിയ വിവരമനുസരിച്ച്, പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍എസ്എസുമായി ബന്ധമുള്ള സേവാഭാരതി എന്ന എന്‍ജിഒയെ ചിത്രീകരിച്ചിരിക്കുന്നു. സംസ്ഥാനത്തെ പ്രളയബാധിത ജില്ലകളിലായി 350 സേവാഭാരതി യൂണിറ്റുകളും 5,000 സന്നദ്ധപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടതായി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അങ്ങനെ, 2018-ലെ കേരള പ്രളയകാലത്ത് ആര്‍.എസ്.എസ് നടത്തിയ സേവന പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള നാല് ചിത്രങ്ങളുടെ സമാഹാരമാണ് വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള സംഘടനയുടെ ഇപ്പോഴത്തെ രക്ഷാപ്രവര്‍ത്തനമെന്ന നിലയില്‍ പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് കണ്ടെത്തി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രം വീണ്ടും വയനാട് ദുരന്തത്തിന്റെ പേരില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

Latest News