Kerala

വയനാട് ഉരുള്‍പൊട്ടല്‍; ഡിഎന്‍എ പരിശോധന, രക്തസാമ്പിള്‍ ശേഖരിക്കുന്നു-Wayanad Landslide; DNA testing, blood sample collection

വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനയ്ക്ക് തയ്യാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനയ്ക്ക് എടുക്കുന്നത്.