ഷൈൻ ടോം ചാക്കോ വെള്ളിത്തിരയിൽ എത്തിയത് അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടായിരുന്നു. ഗദ്ദാമ എന്ന ചിത്രത്തിലൂടെയായിരുന്നു നടനായി അരങ്ങേറ്റം. പിന്നീട് നിരവധി കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഇന്ന് മലയാള സിനിമയിലെ ഒഴിച്ചുകൂടാൻ ആവാത്ത താരമായി മാറിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. നായകനായും സഹനടനായും വില്ലനായും എല്ലാം ഷൈൻ പകർനാടി. എന്നും വെട്ടി തുറന്നു പറയുന്ന സ്വഭാവമാണ് നടന്. ഇത് നിരവധി ആരാധകരെ നേടി കൊടുത്തിട്ടുമുണ്ട്. അതുപോലെതന്നെ പല വിമർശനങ്ങൾക്കും കാരണമായിട്ടുമുണ്ട്. ഷൈൻ നൽകുന്ന അഭിമുഖങ്ങൾ വൈറലാണ്. ഇപ്പോഴിതാ തന്റെ രോഗത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.
തനിക്ക് അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര് ആക്റ്റിവിറ്റി സിൻഡ്രോം(എഡിഎച്ച്ഡി) ഉണ്ടെന്നാണ് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ സിനിമയുടെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു നടന്റെ തുറന്നു പറച്ചിൽ. പണ്ടേ രോഗനിർണയം നടത്തിയതാണെന്നും എഡിഎച്ച്ഡി തനിക്ക് ഗുണമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഷൈൻ പറഞ്ഞു.
“എഡിഎച്ച്ഡി ഉള്ള ആളാണ് ഞാൻ. എഡിഎച്ച്ഡി കിഡ് ആണ്. പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്. അങ്ങനെ ഉള്ളവർ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റണം. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്. നമ്മൾ പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാൻ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എഡിഎച്ച്ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകും. അതിന് വേണ്ടി ട്രൈ ചെയ്യും. പെർഫോം ചെയ്യും. ഒരു കൂട്ടം ആൾക്കാർക്ക് ഇടയിൽ നിന്നും കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ളവർക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണെന്ന് ചിലർ പറയില്ലെ. എല്ലാവർക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ഗുണമാണ്”, എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.
നേരത്തെ നടൻ ഫഹദ് ഫാസിലും താനിക്ക് എഡിഎച്ച്ഡി ആണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാറിനെ ആണ് എഡിഎച്ച്ഡി എന്ന് പറയുന്നത്. ഇത് കുട്ടികളിലാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നതെങ്കിലും അപൂർവ്വമായി മുതിർന്നവർക്കും വരാറുണ്ട്.
content highlight: actor-shine-tom-chacko-reveal