പുത്തുമല: വയനാട് ഉരുൾപൊട്ടലിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തുമലയിലെ ഹാരിസൺ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കും. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാരം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സർവമത പ്രാർത്ഥനയ്ക്ക് ശേഷമായിരുന്നു സംസ്കാര ചടങ്ങുകൾ നടക്കുക.
മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് (ഞായറാഴ്ച) എട്ട് മൃതദേഹങ്ങളാണ് സംസ്കരിക്കുകയെന്ന് റവന്യൂമന്ത്രി കെ. രാജന് പറഞ്ഞു. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ സംസ്കാരസ്ഥലത്തേക്ക് എത്തിക്കും.
പത്തടിയോളം താഴ്ചയിലാണ് കുഴികള്‍ ഒരുക്കിയത്. നിലവില്‍ 32 കുഴികള്‍ ഇതിനകം എടുത്തിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളത് എന്ന ആശങ്കയോടെ നിരവധി പേരും സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പുത്തുമലയില്‍ മുന്‍പ് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.
അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തെരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തിൽ ആയിരത്തിലധികം രക്ഷാപ്രവർത്തകർ പങ്കെടുത്തു. ചാലിയാറിലും മുണ്ടേരി ഉൾവനത്തിലും ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളും കണ്ടെത്തി. ചാലിയാറിൽ നിന്ന് ഇതുവരെ 213 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 74 മൃതദേഹങ്ങളും 139 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം ശേഖരിക്കും.
അതേസമയം, ഉരുൾപ്പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം, വെള്ളാർമല ഭാഗങ്ങൾക്ക് പുറമേ ചാലിയാറിലും തീരങ്ങളിലും പരിശോധന തുടരുകയാണ്. ഡ്രോൺ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയ്ക്കും സൈന്യത്തിനുമൊപ്പം നാട്ടുകാരും തിരച്ചിലിനുണ്ട്.