സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ തിരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. 14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും 4 ടീം വെൽഫെയർ പ്രവർത്തകരുമാണ് കുടുങ്ങിയത്.
അതേസമയം ഇവിടെ നിന്ന് രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാത്രിയിൽ എയർലിഫ്റ്റിങ് സാധ്യമല്ലാത്തതിനാൽ തണ്ടർബോൾട്ട് സംഘമെത്തി കുടുങ്ങി കിടക്കുന്നവരെ വയനാട് ഭാഗത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്.
ഉൾവനത്തിലെത്തിൽ നിന്നും ഒരു മൃതദേഹവുമായി പുറത്തെത്തിയപ്പോഴാണ് മറ്റൊരു മൃതദേഹം കൂടിയുണ്ടെന്ന സൂചന സംഘത്തിന് ലഭിക്കുന്നത്. തുടർന്ന് തിരിച്ചൽ നടത്തിയ ശേഷം മടങ്ങിയെത്താൻ വൈകിയതോടെ ഇരുട്ടായി. ഇതോടെയാണ് സംഘം ചാലിയാറിൽ കുടുങ്ങിയത്.
ഉരുൾപൊട്ടലിൽ ഒഴുകിപോയവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനരികെ കുടുങ്ങിയവരെ വ്യോമസേനയും അഗ്നിശമനസേനയും ചേർന്ന് ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു. മലപ്പുറം സ്വദേശികളായ സ്വാലിം, മുഹ്സിൻ, മുണ്ടേരി സ്വദേശി റഹീസ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.