മനുഷ്യരാശി ഇന്ന് വരെ നടത്തിയ ഏറ്റവും പ്രധാന പരീക്ഷണങ്ങളിൽ വലിയ പ്രധാന്യമുള്ളവയാണ് ചന്ദ്രനിലേക്കുള്ള പര്യവേഷണങ്ങൾ. മനുഷ്യരെ ചന്ദ്രനിലെത്തിച്ച ചരിത്ര ദൗത്യമായിരുന്നു അപ്പോളോ 11. ഈ പരീക്ഷണത്തിലും തുടർന്നു നടത്തിയ മനുഷ്യയാത്രാ ദൗത്യങ്ങളിലും മനുഷ്യർ ചന്ദ്രോപരിതലത്തിൽ അമേരിക്കൻ പതാകകൾ സ്ഥാപിച്ചിരുന്നു. ഈ പതാകകളുടെ ഇപ്പോളത്തെ നിലയെന്താണ്. ഇവ ഇപ്പോഴുമുണ്ടോ? ഈ സംശയങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകും. ഈ പതാകകൾക്ക് കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിയിരുന്നു. കടുത്ത സൂര്യപ്രകാശം, താപനില തുടങ്ങിയവ ഇവയിൽ ചിലതാണ്. ഈ പതാകകളിൽ നൈലോണ്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നു. സൂര്യപ്രകാശം മൂലം നൈലോൺ വിഘടിച്ച് നശിച്ചിരിക്കാമെന്ന് ഗവേഷകർ പറയുന്നു.
ചന്ദ്രനിലെ ഈ പതാകകൾക്ക് എന്തു സംഭവിച്ചെന്ന് കൃത്യമായി പറയുന്നത് സാധ്യമല്ലെന്നും ഗവേഷകർ പറയുന്നു. 1969 ജൂലൈയിൽ മനുഷ്യരാശി ആകാശത്ത് കുറിച്ചത് ഒരു ചരിത്രമായിരുന്നു. അനന്തസീമകളിൽ വെണ്ണിലാവ് പരത്തി തങ്ങളെ കൊതിപ്പിച്ചുകൊണ്ടിരുന്ന ചന്ദ്രനിലേക്ക് അവർ അവരുടെ യാത്രാവാഹനമിറക്കി. അനേകലക്ഷം വർഷങ്ങളുടെ വിജനതയ്ക്കു ശേഷം ചന്ദ്രനിലെ മനുഷ്യസ്പർശം. വിശ്വം ജയിച്ച പോരാളിയെപ്പോലെ നീൽ ആംസ്‌ട്രോങ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങി നടന്നു. ലോകം കൈയടിച്ചു, മനുഷ്യനായി പിറന്നതിന്റെ അഭിമാനം വാനോളമുയർന്നു കവിഞ്ഞു. അൽപസമയത്തിനു ശേഷം എഡ്വിൻ ആൽഡ്രിനും ചന്ദ്രോപരിതലത്തിലേക്കിറങ്ങി. അനേകകോടി മനുഷ്യരിൽ തങ്ങളെമാത്രം തേടിയെത്തിയ മഹാഭാഗ്യത്തിൽ തന്റെ കൂട്ടുകാർ രോമാഞ്ചം പൂണ്ടുനിൽക്കുമ്പോൾ ചന്ദ്രനു ചുറ്റും കറങ്ങുകയായിരുന്നു മൈക്കൽ കോളിൻസ്.
ആംസ്‌ട്രോങ്ങും ആൽഡ്രിനും ചന്ദ്രനിൽ ചെലവിട്ടത് 22 മണിക്കൂർ സമയമാണ്. അപ്പോളോ 11 ന്റെ ഏറ്റവും നിർണായകമായ ദൗത്യം നിർവഹിച്ചത് കോളിൻസാണ്. ആംസ്‌ട്രോങ്ങും ആൽഡ്രിനും പുറപ്പെട്ട ലൂണാർ മൊഡ്യൂൾ തിരിച്ചെത്തുമ്പോൾ കൺട്രോൾ മൊഡ്യൂളുമായി ഡോക്ക് ചെയ്യേണ്ട നിർണായക ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. മൂന്നു യാത്രക്കാരിൽ ഏറ്റവും മിടുക്കനും കോളിൻസായിരുന്നു. ഒറ്റയ്ക്ക് പേടകം പറപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിവുണ്ടായിരുന്നുള്ളൂ. മനുഷ്യരാശിയുടെ അത്യുന്നതങ്ങളിലെ കാൽവയ്പിനു കാരണമായവരിൽ ഇനി എഡ്വിൻ ആൽഡ്രിൻ മാത്രം ബാക്കിയാണ്.