മേപ്പാടി: യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞ സംഭവത്തിൽ ഡി.ഐ.ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഡി.ഐ.ജി തോംസൺ ജോസിനെതിരെയാണ് പരാതി.
മനുഷ്യാവകാശ പ്രവർത്തകരായ നൗഷാദ് തെക്കയിൽ, ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ് എന്നിവരാണ് പരാതി നൽകിയത്. ഡി.ഐ.ജി തോംസൺ ജോസ് സഭ്യമല്ലാത്ത രീതിയിലാണ് സംസാരിച്ചതെന്ന് വൈറ്റ് ഗാർഡ്സ് പ്രവർത്തകർ ആരോപിച്ചിരുന്നു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലുൾപ്പെടെ പങ്കാളികളായവർക്ക് സൗജന്യമായി ഭക്ഷണം വിളമ്പിയവരാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ്സ്. എന്നാൽ ഇവരോട് നിങ്ങളുടെ സേവനം ഇനി ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം ഇവിടെ കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലുമില്ല എന്നതരത്തിലാണ് ഡി.ഐ.ജി സംസാരിച്ചതെന്ന് വൈറ്റ്ഗാർഡ്സ് പ്രവർത്തകർ പറഞ്ഞിരുന്നു. ഇവിടെ സന്നദ്ധസേവനത്തിന് വരുന്നവരൊക്കെ വടിയുംകുത്തി നോക്കി നിൽക്കാനാണ് വരുന്നതെന്നും ഡി.ഐ.ജി ആധിക്ഷേപിച്ച് സംസാരിച്ചതായി ഇവർ ആരോപിച്ചിരുന്നു.
നേരത്തെ, ദുരന്തമേഖലയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം നിർത്തലാക്കിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഡിസാസ്റ്റര്‍ ടൂറിസം പോലെ ഡിസാസ്റ്റര്‍ പിആറും വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തുറന്നടിച്ചു. ദുരന്തമേഖലയിൽ ഡിസാസ്റ്റർ ടൂറിസം പാടില്ലെന്നാണ് മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, ഡിസാസ്റ്റർ പി.ആറും പാടില്ലെന്നാണ് മന്ത്രിയോട് പറയാനുള്ളത്. ദുരന്തത്തെ പി.ആറിനായി ഉപയോഗിക്കരുതെന്നും രാഹുൽ ആവശ്യപ്പെട്ടു.
വൈറ്റ് ഗാർഡിൻ്റെ ക്യാൻ്റീൻ നിർത്തിച്ചതിൽ ഒരു രാഷ്ട്രീയമുണ്ട്. ദുരന്തത്തിനിടയിൽ പി ആർ വർക്ക് സർക്കാർ അവസാനിപ്പിക്കണം. ദുരന്തഭൂമിയിൽ നിന്ന് രാഷ്ട്രീയ നെറികേട് കാണിക്കരുത്. ദുരന്തമേഖലയിൽ യൂത്ത് കോൺഗ്രസിൻ്റെ സന്നദ്ധ പ്രവർത്തകരെ തടയുന്നു. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകരെ കടത്തിവിടുന്നു.
എല്ലാം ഒറ്റക്ക് ചെയ്യാമെന്ന പറയുന്ന സർക്കാർ എല്ലാം വൃത്തിയായി ചെയ്യാൻ തയാറാകണം. ദുരന്തത്തെ നാം ഒരുമിച്ച് നേരിടണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതിനാൽ, ആരാണ് ആദ്യം ഓടിയെത്തുന്നത് എന്ന മൽസരം സർക്കാർ ഒഴിവാക്കണമെന്നും രാഹുല്‍ പറഞ്ഞു.