തൃശൂർ: നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ തൃശൂരിലെ വ്യവസായി ടി. എ സുന്ദർ മേനോനെ റിമാന്റ് ചെയ്തു. ഇന്ന് രാവിലെയാണ് സുന്ദർ മേനോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പൂങ്കുന്നം ആസ്ഥാനമായ ഹീവാൻ ഫിനാൻസ്, നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലൂടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി എന്നാണ് കേസ്.
സ്ഥാപനത്തിന്റെ ചെയർമാനായ സുന്ദർ മേനോൻ, എംഡിയും കോൺഗ്രസ് നേതാവുമായ സി.എസ് ശ്രീനിവാസൻ എന്നിവരുൾപ്പടെ 7 പേരായിരുന്നു പ്രതികൾ. 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി എന്നാണ് പരാതി. 18ഓളം കേസുകളാണ് ഇത് സംബന്ധിച്ചുള്ളത്. സി.എസ് ശ്രീനിവാസൻ ഉൾപ്പെടെ മറ്റു പ്രതികൾ ഒളിവിലാണ്.
അഞ്ചു വർഷത്തെ കാലാവധിയ്ക്ക് ശേഷം ഇരട്ടിത്തുക തിരിച്ചു നൽകാമെന്ന വാഗ്ദാനം നൽകി മുപ്പത് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഹീവാൻസ് ഫിനാൻസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് സുന്ദർ മേനോൻ. കോൺഗ്രസ് നേതാവായ സി.എസ് ശ്രീനിവാസാണ് സ്ഥാപനത്തിന്റെ ഡയറക്ടര്. ഇരുവരുടേയും രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ വിശ്വാസത്തിലെടുത്താണ് ലക്ഷക്കണക്കിന് രൂപ ഹീവാൻസ് ഫിനാൻസിലും ഹീവാൻസ് നിധി കമ്പനിയിലുമായി നിക്ഷേപിച്ചതെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ, പിന്നീട് പലിശയോ മുതലോ നിക്ഷേപകർക്ക് നൽകാൻ കമ്പനി തയാറായിട്ടില്ല. മാരകരോഗം ബാധിച്ച നിക്ഷേപകർക്ക് പോലും തുക തിരിച്ചു നൽകാൻ തയാറായില്ലെന്നാണ് പരാതി.
പണം കിട്ടാത്ത നിക്ഷേപകർ പോലീസിൽ പരാതി നൽകിയിരുന്നു. ജമ്മു ആസ്ഥാനമെന്ന് അവകാശപ്പെട്ടാണ് കേരളത്തിൽ ഇവർ സ്ഥാപനം തുടങ്ങിയത്. എന്നാൽ, ഈ സ്ഥാപനത്തിന് ജമ്മുവിൽ ഓഫീസിലില്ലെന്ന് പിന്നീട് വ്യക്തമായി. കേരളത്തിൽ നാലു ബ്രാഞ്ചുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.
300 ഓളം നിക്ഷേപകർ പല ഘട്ടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തു. മാസങ്ങൾക്ക് മുമ്പ് സ്ഥാപനം പൂട്ടി. ബഡ്സ് ആക്ട് പ്രകാരം സ്ഥാപനം ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 18 പേരുടെ പരാതിയിൽ സുന്ദർ മേനോനെ സിറ്റി കമ്മിഷണർ ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്.