കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായവരെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്ത ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ ഡി.ജി.പിക്ക് പരാതി. കെ.പി.സി.സി അംഗം റിയാസ് മുക്കോളിയാണ് പരാതിക്കാരന്‍. നാട് ഒരുമിച്ച് നിന്ന് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ വിദ്വേഷപ്രചാരണത്തിനും രക്ഷാപ്രവര്‍ത്തകരെ അവഹേളിക്കാനുമാണ് മോഹന്‍ദാസ് ശ്രമിച്ചതെന്ന് പരാതിയില്‍ റിയാസ് ചൂണ്ടിക്കാട്ടി.
ദുരിതബാധിത പ്രദേശത്ത് ഓരോ സംഘടനയുടെയും ടീ ഷർട്ടുമിട്ട് കുറേ ആളുകൾ ചുമ്മാ നടക്കുകയാണ് എന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.ജി മോഹൻദാസ് പറഞ്ഞത്. ഇവർ സുരക്ഷിത സ്ഥലത്ത് നിന്നാണ് ഫോട്ടോ എടുക്കുന്നത്. രക്ഷാപ്രവർത്തകർ എന്ന് പറഞ്ഞ് വന്നവർ ധൃതിപിടിച്ച് ടീ ഷർട്ടുകൾ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും ഇവർ പോയിട്ടില്ല. അതിനടുത്തേക്ക് പോലും പോവാൻ ഇവർക്ക് പേടിയാണെന്നും ചില സംഘടനകളുടെ പേര് എടുത്തുപറഞ്ഞ് മോഹൻദാസ് അധിക്ഷേപിച്ചിരുന്നു.
ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തയാറാക്കി വരുന്ന ദുരിതാശ്വാസ നിധിയെ പരിഹസിച്ചു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച ബിഗ് ബോസ് മുന്‍ താരം അഖില്‍ മാരാര്‍ക്കെതിരെയും കേസെടുത്തിരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്നും ദുരന്തബാധിതര്‍ക്കായി അഞ്ചുസെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ അഖില്‍ മാരാരുടെ പ്രതികരണം. തന്റെ നാട്ടില്‍ വസ്തു വിട്ടു നല്‍കാന്‍ ഒരു സുഹൃത്ത് തയ്യാറാണെന്നും വീട് നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ പലരും നല്‍കി സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അഖില്‍ മാരാര്‍ പറഞ്ഞു. വീട് തന്റെ നാട്ടില്‍ ആയിരിക്കും നിര്‍മിക്കുക എന്നു അറിയിച്ച മാരാര്‍, സര്ക്കാര് ദുരന്തത്തെ കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.