ധാക്ക: പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരും ഭരണകക്ഷി അനുഭാവികളും തമ്മിൽ ഞായറാഴ്ചയുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 90ലധികം പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. അക്രമങ്ങളുടെ സാഹചര്യത്തിൽ രാജ്യവ്യാപകായി കർഫ്യൂ ഏർപ്പെടുത്തി. ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ളവ വിച്ഛേദിച്ചു.
ഞായറാഴ്ച രാവിലെ സർക്കാറിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ ധാക്കയിൽ നടന്ന നിസ്സഹകരണ പരിപാടിയിൽ പങ്കെടുത്ത പ്രതിഷേധക്കാരും അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് എന്നീ സംഘടനകളുടെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.
പ്രക്ഷോഭത്തിൽ മരിച്ചവരിൽ പൊലൂസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുണ്ട്. ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ നിർദേശിച്ചു. ജനുവരിയിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ഹസീനയ്ക്ക് പ്രതിഷേധം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ആക്രമണങ്ങൾ നേരിടുന്നതിന് പ്രധാനമന്ത്രി ശൈഖ് ഹസീന ദേശീയ സുരക്ഷ കാര്യ സമിതിയുടെ യോഗം വിളിച്ചുചേർത്തു. കര, നാവിക, വ്യോമസേന, പൊലീസ്, റാപിഡ് ആക്ഷൻ ബറ്റാലിയൻ, ബംഗ്ലാദേശ് അതിർത്തി സേന തലവന്മാരും മറ്റ് ഉന്നത സുരക്ഷ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തുടനീളം അട്ടിമറി നടത്തുന്നവർ വിദ്യാർഥികളല്ല, ഭീകരവാദികളാണെന്ന് അവർ ആരോപിച്ചു. ഇവരെ ജനം അടിച്ചമർത്തണമെന്നും ഹസീന ആവശ്യപ്പെട്ടു.
പ്രതിഷേധത്തെ തുടർന്ന് ധാക്കയിലെ ഭൂരിഭാഗം കടകളും മാളുകളും അടച്ചിട്ടിരിക്കുകയാണ്. ബംഗബന്ധു ശൈഖ് മുജീബ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ നിരവധി വാഹനങ്ങൾ അജ്ഞാതർ കത്തിച്ചു. വടികളുമായെത്തിയവർ ആശുപത്രി വളപ്പിലെ സ്വകാര്യ കാറുകൾ, ആംബുലൻസുകൾ, മോട്ടോർ സൈക്കിളുകൾ, ബസുകൾ എന്നിവ നശിപ്പിച്ചതായും ഇത് രോഗികളെയും ആശുപത്രി ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തിയതായും ഡെയ്‌ലി സ്റ്റാർ ദിനപത്രം റിപ്പോർട്ട് ചെയ്തു. ചർച്ചക്കുള്ള ശൈഖ് ഹസീനയുടെ ക്ഷണം നിരസിച്ച പ്രതിഷേധക്കാർ, സർക്കാർ രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി.
സംവരണവിഷയത്തിൽ ബംഗ്ലാദേശ് സുപ്രീംകോടതി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അന്നത്തെ പ്രക്ഷോഭം അയഞ്ഞത്. സർക്കാർ സർവീസിലെ സംവരണത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തത്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സംവരണമുണ്ടായിരുന്നത് അഞ്ചായി കുറക്കുകയും ചെയ്തിരുന്നു.