Sports

ഡ്യൂറാൻഡ് കപ്പ് ഫുട്ബോളിൽ സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്; ഗ്രൂപ്പിൽ ഒന്നാമത്

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പിൽ പഞ്ചാബ് എഫ്.സിക്കെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മലയാളി താരം മുഹമ്മദ് അയ്മനാണ് മഞ്ഞപ്പടക്കായി വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂക്കാ മജ്‌സെൻ നേടിയ ഗോളിൽ പഞ്ചാബാണ് ആദ്യം മുന്നിലെത്തിയത്.

നിഖില്‍ പ്രഭുവിന്റെ പാസില്‍ നിന്ന് ആദ്യ പകുതിക്ക് മുമ്പ് ലൂക്ക മൈസന്‍ പഞ്ചാബിന് ലീഡ് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ അയ്മന്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍മടക്കി. 56-ാം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് പെപ്ര നല്‍കിയ ക്രോസ് താരം വലയിലെത്തിക്കുകയായിരുന്നു.

പിന്നീട് നിരവധി ഗോളവസരങ്ങൾ മഞ്ഞപ്പടക്ക് ലഭിച്ചുവെങ്കിലും വലകുലുക്കാനായില്ല. ഇതോടെ ഗ്രൂപ്പ് സിയില്‍ ഇരുടീമുകള്‍ക്കും നാലു പോയിന്റ് വീതമായി.നിലവിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സാണ് മുന്നിൽ. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ എട്ട് ഗോളിന്റെ വലിയ മാർജിനിൽ തോൽപ്പിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്.