പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ പുരുഷ സിംഗിള്‍സ് ടെന്നീസ് കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഞായറാഴ്ച നടന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് (7-6 (7-3), 7-6 (7-2)) ജോക്കോവിച്ച് തന്റെ കന്നി ഒളിമ്പിക് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒളിമ്പിക് ചാമ്പ്യനെന്ന റെക്കോഡും ജോക്കോവിച്ച് സ്വന്തമാക്കി.
ഒളിമ്പിക്സിൽ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന നേട്ടം ഇതിനകം 37കാരൻ സ്വന്തമാക്കിയിരുന്നു. ത്രില്ലർ പോരിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് അൽകാരസിനെ വീഴ്ത്തിയത്. സ്കോർ – 7-6, 7-6.
നേരത്തേ മൂന്ന് തവണ സെമിയില്‍ ഇടറിവീണിട്ടുള്ള സെര്‍ബിയന്‍ താരം ഇക്കുറി തോല്‍ക്കാനൊരുക്കമായിരുന്നില്ല. മൂന്ന് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ച് ചരിത്രം രചിച്ചത്.
ഇതോടെ ഗോള്‍ഡന്‍ സ്ലാം നേട്ടവും ജോക്കോയെ തേടിയെത്തി. സ്റ്റെഫി ഗ്രാഫ്, ആന്ദ്രേ അഗാസി, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്ക് ശേഷം എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും (കരിയര്‍ ഗോള്‍ഡന്‍സ്ലാം) നേടുന്ന താരമെന്ന നേട്ടം ജോക്കോ സ്വന്തമാക്കി.
ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും അല്‍ക്കാരസും ചരിത്രത്തില്‍ ഇടംപിടിച്ചു. ഒളിമ്പിക്സ് ബാഡ്മിന്‍റണ്‍ സിംഗിള്‍സില്‍ വെള്ളി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് അല്‍കാരസിനെ തേടിയെത്തിയത്.