കോഴിക്കോട്: ‘ഉയരവും വെള്ളവും പേടിയാണ്, എന്നാൽ ദുരന്തത്തിനു മുന്നിൽ നോക്കിയിരിക്കാൻ പറ്റില്ലല്ലോ’, മുണ്ടക്കൈയിലെ ദുരന്തമുഖത്ത് ആദ്യഘട്ടത്തിൽ ഓടിയെത്തിയ ഡോ. ലവ്ന മുഹമ്മദിന്‍റെ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഉയരം പേടിയുള്ള ലവ്ന റോപ്പിൽ കയറിയാണ് കുത്തിയൊലിക്കുന്ന പുഴയുടെ മറുകരയിലെത്തിയത്. ദുരന്തമുഖത്ത് ദുരിതബാധിതർ നിസഹായതയോടെ നിൽക്കുമ്പോൾ ഉയരം പേടിയുള്ള ഡോക്ടർ രണ്ട് കൽപിച്ച് റോപ്പിൽ കയറുകയായിരുന്നു.
“ഉയരവും വെള്ളവും പേടിയായിരുന്നു, എന്നാൽ മുന്നിൽ ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയിലുള്ള ദുരിതബാധിതരെ രക്ഷിക്കാൻ രണ്ടും കല്പിച്ച് റോപ്പിൽ കയറുകയായിരുന്നു. ആ അവസ്ഥയിൽ ഭയമൊന്നുമല്ല തന്റെ കടമയാണ് മുന്നിലുണ്ടായിരുന്ന ചിന്ത”, ലവ്ന പറയുന്നു.
ദുരന്തത്തിന്‍റെ ആദ്യ ദിനമാണ് അവിടെ എത്തിയത്. ദുരന്ത വിവരം അറിയുമ്പോൾ ലവ്‍ന മൈസൂരുവിലായിരുന്നു. വയനാട്ടിലെത്താൻ നിർദേശം കിട്ടിയതോടെ അങ്ങോട്ട് തിരിച്ചു. കോഴിക്കോടു നിന്നുള്ള മറ്റൊരു മെഡിക്കൽ സംഘവും വയനാട്ടിൽ എത്തിയിരുന്നു. പരിക്കേറ്റവർ മറുകരയിലുണ്ടെന്ന വിവരം അറിഞ്ഞതോടെ അവർക്ക് ചികിത്സ നൽകാനായി റോപ്പിൽ കയറി മറുകരയിലെത്തിയത്.
റോപ്പില്‍ കയറി മറുകരയിൽ എത്തിയ ഡോക്ടറുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടിയിരുന്നു.