ഗുവാഹത്തി: ലൗ ജിഹാദ് കേസുകളിൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. തിരഞ്ഞെടുപ്പു കാലത്തു ലൗ ജിഹാദിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചു. താമസിയാതെ ഇത്തരം കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന നിയമം കൊണ്ടുവരും. ഗുവാഹത്തിയിൽ നടന്ന സംസ്ഥാന ബിജെപി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
പുതിയ താമസ നയം ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അസമില്‍ ജനിച്ച വ്യക്തിയായിരിക്കണമെന്നതു സംസ്ഥാന സർക്കാർ ജോലി ലഭിക്കുന്നതിനുള്ള നിർബന്ധിത യോഗ്യതാ മാനദണ്ഡമാക്കുമെന്നും ഈ നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പുള്ള വാഗ്ദാന പ്രകാരം ഒരു ലക്ഷം സർക്കാർ ജോലികളിൽ സ്വദേശികൾക്കു മുൻഗണന നൽകിയെന്നും സമ്പൂർണ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകുമെന്നും ബിജെപി യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഹിന്ദുക്കൾക്കും മുസ്‍ലിങ്ങൾക്കും ഇടയിലുള്ള ഭൂമി വിൽപന സംബന്ധിച്ചു സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇത്തരമൊരു ഇടപാട് തടയാൻ സർക്കാരിനു കഴിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ അനുമതിയോടെയേ ഇടപാടു നടത്താൻ സാധിക്കു എന്നതു കർശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.