Thiruvananthapuram

മസ്തിഷ്‌കജ്വരം; നെയ്യാറ്റിന്‍കരയില്‍ നാലു പേര്‍ക്കുകൂടി / encephalitis; Four more people in Neyyatinkara

മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച യുവാവ് കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നവരില്‍ 4 പേര്‍ക്കു കൂടി കടുത്ത പനി പിടിപെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചുകഴിഞ്ഞു. പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗര്‍ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇവരില്‍ അനീഷിനാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ക്കും സമാന ലക്ഷണങ്ങളുള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നു. കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അപ്പു എന്നു വിളിക്കുന്ന അഖില്‍(27) ആണ് കഴിഞ്ഞ 23ന് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുമ്പാണ് അഖിലിനു പനി ബാധിച്ചത്. ആദ്യം വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും ഭേദമാകാതെ വന്നതോടെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു. അഖിലിന് കടുത്ത തലവേദനയും ഉണ്ടായിരുന്നു.

10 വര്‍ഷം മുമ്പ് മരത്തില്‍നിന്നു വീണ് അഖിലിനു തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. അന്ന് കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയും ശസ്ത്രക്രിയയും നടത്തുകയു ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടതാണോ എന്നു പരിശോധിക്കാന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെയാണ് അഖില്‍ മരണപ്പെടുന്നത്.

തലച്ചോറിലെ അണുബാധയെത്തുടര്‍ന്ന് മരിച്ചെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യവകുപ്പ് നിര്‍ദേശത്തെത്തുടര്‍ന്നു കുളത്തില്‍ ഇറങ്ങുന്നതു കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ചു നോട്ടിസ് ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു.

 

content highlights;encephalitis; Four more people in Neyyatinkara

Latest News