ഒരു നാടിനെയാകെ ഭയത്തിലാഴ്ത്തുന്ന ഒരു കുളമുണ്ട് നെയ്യാറ്റിന്‍കരയില്‍. അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപമുള്ള കാവിന്കുളമാണ് പേടിസ്വപ്നമായി മാറിയിരിക്കുന്നത്. ഇവിടെ കുളിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. വെറുതചേ തലവേദയുണ്ടെന്നുള്ള തോന്നല്‍. ദേഹമാകെ ചൂടുപടരുന്നുണ്ടൈന്നും വീണു പോകുമോ എന്നുമൊക്കെയുള്ള പേടിയും പിടികൂടിയിരിക്കുന്നു. പനിയുണ്ടോ, അതോ തൊണ്ട വേദനയോ, അതോ തലപൊട്ടുന്ന വേദനയോ…ഇങ്ങനെ സംശയങ്ങളും ആശങ്കയും നിറഞ്ഞിരിക്കുകയാണ് പ്രദേശ വാസികള്‍ക്കെല്ലാം.
കഴിഞ്ഞ മാസം 23നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള ആദ്യ മരണം ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് നാട്ടുകാരുടെ ആശങ്കകള്‍ വര്‍ദ്ധിച്ചത്. പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക്. ഒരു നാട്ടിലെ പൊതു കുളം, എങ്ങനെയാണ് മരണത്തിന്റെ വാതിലാകുന്നത് എന്നതാണ് അഖിലിന്റെ മരണത്തോടെ തെളിഞ്ഞത്. അതോടെ കാവലിന് കുളത്തില്‍ നിത്യേന കുളിച്ചിരുന്ന എല്ലാവരിലേക്കും മരണഭയം വേഗത്തില്‍ പടര്‍ന്നിരിക്കുകയാണ്. അമീബിക് മസ്തിഷ്ക ജ്വരം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരില്ലെന്ന് ആരോഗ്യ വകുപ്പ് ഉറപ്പു നല്കുന്നു.
എന്നാല്‍, കുളത്തിലെ വെള്ളത്തില്‍ അമീബിക്ക് മസ്തിഷ്ക രോഗം പിടിപെടുന്നതിനുള്ള രോഗാണു ഉണ്ടെന്നത് ഉറപ്പിക്കുന്നു. ഈ രോഗാണു മൂക്കിലൂടെ മസ്തിഷ്ക്കത്തിലെത്തി, അവിടെ വെച്ച് വിഘടിച്ച് വലുതാകുന്നു. ഈ രോഗാണുക്കളെല്ലാം ചേര്‍ന്ന് മസ്തിഷ്ക്കം കാര്‍ന്നു തിന്നുന്നതോടെ തലപൊട്ടിത്തെറിക്കുന്ന വേദനയു പനിയും പിടിപെടുന്നു. ഇങ്ങനെയാണ് മരണം സംഭവിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ അതിയന്നൂര്‍ പഞ്ചായത്തിലെ കാവിന്‍കുളത്തില്‍ മാത്രമാണ് ഈ രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ നാലുപേര്‍ കൂടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇഴരില്‍ ഒരാള്‍ക്ക് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് രോഗ ലക്ഷണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ‘ബ്രെയിന്‍ ഈറ്റര്‍’ എന്നറിയപ്പെടുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണു പ്രധാനമായും ശരീരത്തില്‍ പ്രവേശിക്കുന്നത്. തലച്ചോറിനെയാണു ബാധിക്കുക. പതിനായിരത്തില്‍ ഒരാള്‍ക്കു പിടിപെടുന്ന അത്യപൂര്‍വ രോഗമാണിത്. അമീബ ബാധിച്ചാല്‍ മരുന്നുകളോടു പ്രതികരിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. നീന്തല്‍ക്കുളങ്ങളിലും കായലുകളിലും വെള്ളത്തിന്റെ പ്രതലങ്ങളില്‍ ഇത്തരം അമീബ കാണപ്പെടും. തലവേദന, ഛര്‍ദ്ദി, പനി, ബോധക്ഷയം തുടങ്ങി സാധാരണ ബാക്ടീരിയ പരത്തുന്ന ജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാവുക. പക്ഷേ, ബാക്ടീരിയല്‍ ജ്വരത്തില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് ഈ രോഗം മൂര്‍ച്ഛിക്കുന്നു. 3 ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. 95 ശതമാനം മരണ സാധ്യതയുള്ള ഈ രോഗത്തെ നേരിടാന്‍ പ്രതിരോധം തന്നെയാണ് ഏറ്റവും പ്രധാനം.
ഭയം വേണ്ട, ജാഗ്രത മതി
നീന്തല്‍ക്കുളങ്ങളും നാട്ടിന്‍പുറങ്ങളിലെ കുളങ്ങളുമെല്ലാം ശുചീകരണ പ്രോട്ടോക്കോള്‍ പാലിച്ച് ക്ലോറിനേറ്റ് ചെയ്യണം. അത് കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും വേണം. പൊതുകുളങ്ങള്‍ സാധ്യമായ രീതിയില്‍ ശുചീകരിക്കാന്‍ ചെയ്യാന്‍ ആരോഗ്യ, തദ്ദേശ അധികൃതര്‍ ശ്രദ്ധിക്കണം. കുളിക്കാന്‍ പോകുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഒഴുക്ക് തീരെ ഇല്ലാത്ത, കെട്ടിക്കിടക്കുന്ന, ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ കുളിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. മലിനപ്പെട്ടിരിക്കാം എന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ കുളിക്കുന്നവര്‍ ചാടിക്കുളിക്കുകയും മുങ്ങാംകുഴി ഇട്ട് കുളിക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നീന്തുകയാണെങ്കില്‍ തന്നെ മൂക്കില്‍ വെള്ളം കയറാത്ത വിധത്തില്‍ തല മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് നീന്താന്‍ ശ്രദ്ധിക്കുക.
മുങ്ങിയേ പറ്റൂ എന്നാണെങ്കില്‍ നോസ് ക്ലിപ് ഉപയോഗിച്ച് നീന്തുക. അമീബ കലര്‍ന്ന വെള്ളം വായിലൂടെ ഉള്ളില്‍ പോയാലും ഒന്നും സംഭവിക്കില്ല. ചാടിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ അതിശക്തമായ മര്‍ദ്ദത്തോടെ വെള്ളം പ്രവേശിക്കും. അപ്പോള്‍ മാത്രമാണ് അമീബ തലച്ചോര്‍ വരെ എത്തുന്നത്. ഒഴുകുന്ന വെള്ളത്തില്‍ ബാക്ടീരിയ അധികം കാണപ്പെടാറില്ല. എങ്കിലും ആ പുഴയുടെ തന്നെ ഒഴുക്കു കുറഞ്ഞ ഭാഗങ്ങളില്‍ ഉണ്ടായേക്കാം. മലപ്പുറത്ത് മരണപ്പെട്ട കുട്ടി കുളിച്ചത് പുഴയില്‍ തന്നെയാണെങ്കിലും പുഴയില്‍ തടയണ കെട്ടി വച്ച സ്ഥലത്തായിരുന്നു. അത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോഴും ശ്രദ്ധിക്കണം.
പ്രായം ഒരു പ്രശ്നമോ ?
കാവിന് കുളത്തില്‍ കുളിച്ചവരില്‍ പ്രായമായവരുടെ പ്രധാന ചോദ്യമിതാണ്. പ്രായമായവരില്‍ സഈ രോഗം പിടിപെടുമോ എന്ന്. ഇതുവരെയുള്ള കേസുകള്‍ പരിശോധിക്കുമ്പോള്‍ 10നും 25 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് കൂടുതലായും രോഗം ബാധ ഏറ്റിട്ടുള്ളത്. 14 വയസ്സാണ് ശരാശരി. ഈ പ്രായത്തിലുള്ള കുട്ടികള്‍ വളരെ ഊര്‍ജസ്വലരായിരിക്കും. ആവേശത്തോടെ അവര്‍ വെള്ളത്തിലേക്ക് എടുത്തു ചാടാനും, മുങ്ങാംകുഴി ഇടാനും, ഡൈവ് ചെയ്യാനും, ദീര്‍ഘ നേരം കതുളിക്കാനും സാധ്യത ഉണ്ട്. മൂക്കിനുള്ളില്‍ അരിപ്പയുടെ രൂപത്തിലുള്ള ക്രിബ്ലിഫോം പ്ലേറ്റ് പൂര്‍ണമായും അടയാത്തതും കാരണമാകാം എന്നും കരുതുന്നുണ്ട്. പ്രമേഹം പോലുള്ള അസുഖങ്ങളും പ്രതിരോധ ശേഷിക്കുറവുമുള്ള മുതിര്‍ന്ന ആളുകള്‍ക്കും അസുഖം പെട്ടെന്നു വരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
ചികിത്സ
അമീബിക് മസ്തിഷ്ക ജ്വരത്തിന് നിലവില്‍ മരുന്നുകളോ, ചികിത്സയോ കണ്ടെത്തിയിട്ടില്ല. എന്നാല്‍, രാജ്യാന്തര തലത്തില്‍ ഇതിന് ചികിത്സയുണ്ട്. ജര്‍മനിയില്‍ ഉത്പാദിപ്പിക്കുന്ന മില്‍ട്ടിഫോസിന്‍ മരുന്ന് സര്‍ക്കാര്‍ ഇടപെട്ട് എത്തിച്ചിട്ടുണ്ട്. യു.എസിലെ സി.ഡി.സി (സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍) അനുശാസിക്കുന്ന രീതിയിലാണ് ചികിത്സ നല്‍കുക. ഇതില്‍ നിര്‍ദ്ദേശിക്കുന്ന ആംഫോട്രിസിന്ബി, അരിത്രോമൈസിന് തുടങ്ങിയ മരുന്നുകള്‍ ഇവിടെ ലഭ്യമാണെന്നും ആരോഗ്യ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.
ഇനി എന്ത് ?
കാവിന്‍കുളത്തില്‍ ഇനി മുതല്‍ കുളിക്കാന്‍ അനുവദിക്കില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. പഞ്ചായത്ത് അധികൃതരുടേതാണ് നടപടി. എന്നാല്‍, കഴിഞ്ഞ മാസം 23ന് അഖില്‍ മരണപ്പെട്ടതിനു ശേഷം പഞ്ചായത്ത് കേന്ദ്രീകരിച്ച് കുളത്തില്‍ കുളിച്ചവരുടെ ഒരു ആരോഗ്യപരിശോധന നടത്തിയിട്ടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. അകിലിന്റെ മരണത്തിനു ശേഷം കുളത്തില്‍ കുളിക്കുന്നവരെ നിയന്ത്രിച്ചിരുന്നോ. ആ കുളത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക അയച്ചിരുന്നോ. അയച്ചെങ്കില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് കുളം ക്ലോറിനേഷന് നടത്തിയോ. ഇങ്ങനെയുള്ള ചോദ്യങ്ങളും അവിടുന്ന് ഉയരുന്നുണ്ട്. കാവിന്‍കുളം മാത്രമല്ല, പഞ്ചായത്തിലെ മറ്റ് ജലസ്രോതസ്സുകളിലെ വെള്ളവും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
കേരളത്തിലെ ആദ്യ അമീബിക് മസ്തിഷ്ക്ക ജ്വരം ?
കേരളത്തില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് 2016ല്‍ ആലപ്പുഴയിലാണ്. കഴിഞ്ഞ വര്‍ഷം വരെ ആകെ ആറ് കേസുകള്‍ മാത്രമേ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്നാല്‍ ഈ വര്‍ഷം, മൂന്ന് കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സ തേടുകയും ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തത്. 2019ലും 2020ലും മലപ്പുറത്ത് ഓരോ കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് കൂടി രോഗം ബാധിച്ചു. 2020ല്‍ തന്നെ കോഴിക്കോടും ഒരു രോഗബാധ സ്ഥിരീകരിച്ചിരുന്നു. 2022ല്‍ തൃശൂരിലും 2023ല്‍ ആലപ്പുഴയിലും ഒരോ കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. അങ്ങനെ ഇതുവരെ ആറ് തവണയാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. എന്നാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ, ഈ വര്‍ഷം മൂന്നാമത്തെ കുട്ടിയാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിക്കുന്നത്.
രോഗബാധ നിരക്കുകള്‍
സാധാരണ പരിസ്ഥിതിയില്‍ ജീവിക്കുന്ന പരാന്നഭോജികളാണ് അമീബകള്‍. നെഗ്ലേരിയ ഫൗളെറി എന്ന അമീബയാണ് ഈ രോഗത്തിന് പിന്നില്‍. ആഴം കുറഞ്ഞ ഉഷ്ണശുദ്ധ ജലാശയങ്ങളില്‍ കാണപ്പെടുന്ന അമീബയാണ് നെഗ്ലേരിയ ഫൗളെറി. തടാകങ്ങള്‍, പുഴകള്‍, നീരുറവകള്‍, അരുവികള്‍ തുടങ്ങിയിടത്തെല്ലാം ഈ അമീബയുടെ സാന്നിധ്യം കാണാം. മലിനമായ ജലാശയങ്ങളില്‍ കുളിക്കുന്നതിലൂടെയും, ആ വെള്ളം മുഖം കഴുകുമ്പോഴോ മറ്റോ മൂക്കിലൂടെ കയറിയാലും രോഗം ബാധിക്കും. നെഗ്ലേരിയ ഫൗളെറി ബാധക്ക് ഉയര്‍ന്ന മരണനിരക്ക് ഉണ്ടെങ്കിലും ഇതിന്റെ അണുബാധ നിരക്ക് വളരെ കുറവാണ്. വളരെ കുറഞ്ഞ നിലയില്‍ മാത്രമേ ഈ രോഗം കാണപ്പെടാറുള്ളു. 1965ല്‍ ഓസ്ട്രേലിയയിലാണ് നെഗ്ലേരിയ ഫൗളെറി ആദ്യമായി കണ്ടെത്തിയത്. ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ ലോക രാജ്യങ്ങളില്‍ ഈ അമീബയുടെ സാന്നിധ്യം പിന്നീട് സ്ഥിരീകരിച്ചിട്ടുണ്ട്. 2015 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയില്‍ ആകെ 16 പേര്‍ക്ക് മാത്രമാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 2021 വരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകെ 154 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 150 പേര് മരിക്കുകയും 4 പേര് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി സാങ്കേതിക മാര്‍ഗരേഖ പുറത്തിറക്കിയത് കേരളം
അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി (മസ്തിഷ്ക ജ്വരം) ബന്ധപ്പെട്ട് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. അമീബിക്ക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂര്‍വ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയില്‍ ശാസ്ത്രീയ പഠനങ്ങളുടേയും നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ സമഗ്ര മാര്‍ഗരേഖ തയ്യാറാക്കിയത്. രാജ്യത്ത് ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കുന്നത്.
സാധാരണമായി നേഗ്ലെറിയ ഫൗളേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അമീബയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന 5 മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടതാണ്. അതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും. ചെവിയില്‍ പഴുപ്പുള്ള കുട്ടികള്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
CONTENT HIGHLIGHTS;A ‘pool’ that eats life?: Locals are scared; Fear for all those who took a bath?; What is amoebic encephalitis?