ഓരോ യാത്രകളും ഓരോ നിഗൂഢതകളിലേക്ക് ആണെന്ന് കൂടി പറയാം. സന്ദർശകരെ വിസ്മയിപ്പിക്കുന്ന എന്തെങ്കിലും അവിടെ കാത്തിരിപ്പുണ്ടാകും. ഇന്ത്യയ്ക്കകത്തും പുറത്തുമായി അത്തരത്തിൽ ഒരുപാട് സ്ഥലങ്ങളുണ്ട്. അഞ്ച് നിറത്തിൽ ഒഴുകുന്ന നദി നിങ്ങൾ കണ്ടിട്ടുണ്ടോ? കേൾക്കുമ്പോൾ വിചിത്രമായി തോന്നുന്നുണ്ടല്ലേ. എന്നാൽ അങ്ങനെയൊരു തടാകം കൊളംബിയയിൽ ഉണ്ട്. അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ലിക്വിഡ് റെയിൻബോ എന്നും അറിയപ്പെടുന്ന കൊളംബിയൻ നദിയാണ് കാനോ ക്രിസ്‌റ്റൈൽസ്.
ഈ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. പ്രകൃതിസംരക്ഷണനിയമം ശക്തമാക്കിയതിന്റെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരിയുടെ ഗ്രൂപ്പില്‍ ഏഴുപേരില്‍ കൂടുതല്‍ പാടില്ലെന്നും ദിവസത്തില്‍ 200 പേരില്‍ക്കൂടുതല്‍ ഇവിടേക്ക് കടത്തിവിടുകയുമില്ല. നദിയില്‍ ഇറങ്ങുന്നതിലും കര്‍ശനമായും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇൗ നിബന്ധനകളൊക്കെയും പാലിച്ച് ഈ അദ്ഭുതകാഴ്ച ആസ്വദിക്കാനായി സഞ്ചാരികൾ എത്താറുണ്ട്.
മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നീ നിറങ്ങളിലാണ് നദി ഒഴുകുന്നത്. ഇളം റോസ്, രക്തച്ചുവപ്പ് നിറത്തിലും കാണാം. ആരും നിറം കലർത്തിയതല്ല. ഈ പ്രതിഭാസത്തിന് പിന്നിലെ കാരണമറിയാമോ ? മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. പാറക്കെട്ടുകളിലും നദിയുടെ അടിത്തട്ടിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവയ്ക്കൊപ്പം ജലത്തിന്റെ താപനിലയും സൂര്യപ്രകാശത്തിന്റെ തോതും കൂടിച്ചേരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളായി വെള്ളത്തിനു മുകളില്‍ തിളങ്ങും.
ജൂലൈ അവസാനം മുതൽ നവംബർ വരെയാണ് നദിയിലെ നിറങ്ങൾ വ്യത്യസ്തപ്പെട്ടു കാണുന്നത്. സെറാനിയ ഡി ലാ മകരീന നാഷണൽ പാർക്കിലാണ് 100 കിലോമീറ്റർ നീളമുള്ള കാനോ ക്രിസ്റ്റൽസ്.
content highlight: columbia-river-the-cano-cristales-river-of-five-colors