പാര്‍ശ്വനാഥ് ഡെവലപ്പേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ജെയിനെ പോലീസ് അറസ്റ്റു ചെയ്തത് 60 കിലോമീറ്റര്‍ പിന്തുടര്ന്ന്. ഒടുവില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ അറസ്റ്റുചെയ്യാന്‍ ഡല്‍ഹി പോലീസിന്റെ ഒരു സംഘം എത്തിയപ്പോള്‍ സഞ്ജീവ് ജെയിന് പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസലും ജയിന്റെ പിന്നാലെ ഓടി. 2017ല്‍ രജത് ബബ്ബര്‍ എന്നയാള്‍ നല്കിയ ഉപഭോക്തൃ പരാതിയുമായി ബന്ധപ്പെട്ട് സഞ്ജീവ് ജെയ്നിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നാല് ജാമ്യമില്ലാ വാറണ്ടുകളും ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്നുള്ള ഒരു ജാമ്യം ലഭിക്കാവുന്ന വാറന്റും ഷാഹ്ദാര പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. ഏറ്റവും പുതിയ ജാമ്യമില്ലാ വാറണ്ട് 2024 ജൂലൈ 18ന് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സഞ്ജീവ് ജെയിന് കമ്മീഷന് മുമ്പാകെ ഹാജരായില്ലെന്ന് പോലീസ് പറഞ്ഞു. ദേശീയ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനു മുമ്പില്‍ ഹാജരാകാന്‍ തയ്യാറാകാതെ നടന്നതിന് സി.ഇ.ഒയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ പുറപ്പെടുവിച്ചതോടെ ഐ.ജി.ഐ വിമാനത്താവളത്തില്‍ നിന്ന് എസ്.ടി.എഫ് ടീം ജെയ്നെ അറസ്റ്റ് ചൈയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഷഹ്ദര) സുരേന്ദ്ര ചൗധരി പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിന് ശേഷം സഞ്ജീവ് ജെയിനെ ഞായറാഴ്ച കമ്മീഷന് മുമ്പാകെ ഹാജരാക്കി.
ആരാണ് സഞ്ജീവ് ജെയിന് ?
റിയല്‍റ്റി സ്ഥാപനമായ പാര്‍ശ്വനാഥ് ഡെവലപ്പേഴ്സിന്റെ സബ്സിഡിയറിയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയും ഗുരുഗ്രാമിലെ താമസക്കാരനുമാണ് സഞ്ജീവ് ജയിന്. 32 വര്‍ഷമായി പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ്. 1984ല്‍ സ്ഥാപിതമായ പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് എന്ന കമ്പനി രാജ്യത്തുടനീളമുള്ള 37 നഗരങ്ങളിലും 13 സംസ്ഥാനങ്ങളിലും നിലവിലുണ്ട്. സഞ്ജീവ് ജെയിന് പൂനെയിലെ ഭാരതി വിദ്യാപീഠില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും നേടിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഖേക്രയില്‍ ജയിന് ഖേക്ര ഇന്റര്‍ കോളേജില്‍ ചേര്‍ന്നാണ് അദ്ദേഹം സ്കൂള്‍ വിദ്യാഭ്യാസം നടത്തിയത്.
എന്തുകൊണ്ടാണ് പോലീസ് സി.ഇ.ഒയെ അന്വേഷിച്ചത് ?
രജത് ബബ്ബര്‍ എന്നയാള്‍ നല്കിയ കേസുമായി ബന്ധപ്പെട്ടാണ് പാര്‍ശ്വനാഥ് ലാന്‍ഡ്മാര്‍ക്ക് ഡെവലപ്പേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെയ്നിനെതിരെ വാറണ്ട് പുറപ്പെടുവിച്ചതെന്നും 60 കിലോമീറ്റര്‍ പിന്തുടര്ന്ന് പ്രതിയെ പിടികൂടിയതായും പ്രസ്താവനയില്‍ പറയുന്നു. ഗുരുഗ്രാമിലെ വീട്ടില്‍ ഇയാള്‍ ഉണ്ടെന്നാണ് ഡല്‍ഹി പൊലീസിന് ലഭിച്ച വിവരം. അയാളെ അറസ്റ്റ് ചെയ്യാന്‍ അവര്‍ അയാളുടെ വീട്ടിലെത്തി. എന്നാല്‍, അപ്പോഴേക്കും അദ്ദേഹം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലേക്ക് രക്ഷപ്പെട്ടിരുന്നു. പിന്നീട് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 18 ന് സഞ്ജീവ് ജെയിനിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും അദ്ദേഹം പാനലിന് മുന്നില്‍ ഹാജരായില്ല. അന്നുമുതല്‍ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു.
CONTENT HIGHLIGHTS; Parswanath Developers CEO Who is Sanjeev Jain? : Why did the Delhi police chase and catch?