Kerala

സീരിയല്‍ രംഗത്തും പുഴുക്കുത്തുകള്‍; നടിമാര്‍ ഉള്‍പ്പടെ നേരിടുന്നത് പലതരം പീഡനങ്ങള്‍, നിര്‍മ്മാതാവിനെ നിലയ്ക്കു നിറുത്താതെ മൗനം തുടര്‍ന്ന് ചാനല്‍ അധികൃതര്‍

മലയാളം സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു പഠിക്കാന്‍ നിയമിച്ച ഹേമ കമ്മിഷന്‍ ശേഖരിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സിനിമാ രംഗത്ത് ഏറെ കോളിളക്കം സഷ്ടിക്കാവുന്ന ആ റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തു വന്നിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് ടെലിവിഷന്‍ മേഖലയില്‍ നിന്നും സമാനമായതും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങള്‍ പുറത്തു വരുന്നത്. നിര്‍മ്മാതാക്കള്‍ക്കു വഴങ്ങാത്ത നായികമാരും സഹനടിമാരും മാനസികമായും ശാരീരികമായുമുള്ള പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. കേരളത്തിലെ ഒരു മുന്‍നിര ചാനലിലെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സീരിയലിലെ നടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങള്‍. ആ സീരിയലില്‍ തുടരണമെങ്കില്‍ തനിക്കു വഴങ്ങണമെന്നും ഇല്ലെങ്കില്‍ ആ സ്ഥാനത്തു നിന്നും നീക്കുമെന്നുമായിരുന്നു നിര്‍മ്മാതാവിന്റെ ഭീഷണി. പലതവണ ഒഴിഞ്ഞുമാറിയെങ്കിലും അയാള്‍ നടിയെ വിടാതെ പിന്‍തുടര്‍ന്നു. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ റൂമിലുള്ളപ്പോള്‍ ഭക്ഷണം എത്തിക്കാതെയും പ്രതിഫലം നല്‍കാതെയും ഇയാള്‍ തന്റെ ക്രൂരത തുടര്‍ന്നു. ഒടുവില്‍ സഹികെട്ട നടി ചാനല്‍ അധികൃതരെ വിവരം അറിയിക്കാനൊരുങ്ങുകയാണ്.

ആ സീരിയലിലെ ഒരു നടിയെ മാത്രമല്ല നിര്‍മ്മാതാവ് നോട്ടമിട്ടത്. സഹതാരങ്ങളെയും ഇയാള്‍ വരുതിയിലാക്കാന്‍ ശ്രമിച്ചു. ഫോണിലൂടെയും നേരിട്ടുമാണ് ഇയാള്‍ ശല്യം ചെയ്യാറുള്ളത്. ലൊക്കേഷനിലെത്തിയാല്‍ ലൈംഗിക ചുവയോടെയുള്ള സംസാരവും നോട്ടവുമാണ് നേരിടുന്നതെന്ന് താരങ്ങള്‍ പറയുന്നു. ചിലരെ ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും യാത്രപോകാമോ എന്നു ചോദിച്ചാണ് സമീപിച്ചത്. തനിക്കു വഴങ്ങിയാല്‍ അടുത്ത സീരിയലിലും നടിക്കു തുടരാമെന്നും പ്രതിഫലം കൂട്ടിനല്‍കാമെന്നുമൊക്കെയാണ് വാഗ്ദാനം. ശല്യം സഹിക്കവയ്യാതെ ആയപ്പോള്‍ താരങ്ങള്‍ കൂടെയുള്ള സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചു. എന്നാല്‍ വില്ലന്‍ നിര്‍മ്മാതാവ് ആയതിനാല്‍ അവരെല്ലാം നിസഹായരായി. ഷൂട്ടിംഗിനായി മേക്കപ്പിട്ട് ക്യാമറയ്ക്കു മുന്നിലേക്കു പോകാന്‍ നേരത്തും നിര്‍മ്മാതാവ് ഫോണില്‍ വിളിച്ച് യാത്ര പോകാമോ എന്നൊക്കെ ചോദിക്കാറുണ്ട്. ഇത് തങ്ങളുടെ അഭിനയത്തെയും ബാധിക്കാറുണ്ടെന്ന് നടിമാരും സഹതാരങ്ങളും പറയുന്നു. ചാനലിലെ ഉന്നതരെല്ലാം തനിക്കൊപ്പമാണെന്നും അതിനാല്‍ അവിടെച്ചെന്ന് പരാതി പറഞ്ഞാല്‍ തനിക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്നുമാണ് ഇയാള്‍ സമീപിക്കുന്ന നടിമാരെയെല്ലാം ഭീഷണിപ്പെടുത്തുന്നത്. ഇതുകൂടി കേള്‍ക്കുന്നതോടെ നടിമാരെല്ലാം ഭയന്ന് പിന്‍മാറുകയാണ് പതിവ്. നേരത്തെ ഇതേ നിര്‍മ്മാതാവ് നിര്‍മ്മിച്ച സീരിയലിലെ നായികയെയും ഇത്തരത്തില്‍ ശല്യം ചെയ്തിരുന്നു. തനിക്കു വഴങ്ങണമെന്ന് നായികയോട് പലവട്ടം ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ നായിക അഭിനയം അവസാനിപ്പിച്ച് മടങ്ങി. ഇതിനു പിന്നാലെയ സഹനടിയെ നിര്‍മ്മാതാവ് ശല്യം ചെയ്യാന്‍ തുടങ്ങി. ഇതേ ആവശ്യങ്ങളായിരുന്നു അവര്‍ക്കു മുന്നിലും വച്ചത്. വഴങ്ങാതിരുന്ന സഹതാരത്തിന് പ്രതിഫലം കൃത്യമായി നല്‍കാനോ, ഭക്ഷണം നല്‍കാനോ ഈ നിര്‍മ്മാതാവ് തയാറായില്ല. ഒടുവില്‍ സഹനടിയും അഭിനയം നിര്‍ത്തിപ്പോകേണ്ട അവസ്ഥ വന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനായാണ് ജസ്റ്റിസ് ഹേമ കമ്മിഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ആ റിപ്പോര്‍ട്ടില്‍ പ്രമുഖ നടന്‍മാരടക്കമുള്ളവര്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് നടിമാര്‍ നല്‍കിയിട്ടുള്ളത്. ഇതേ രീതിയിലാണ് ഇപ്പോള്‍ ടെലിവിഷന്‍ മേഖലയും നീങ്ങുന്നതെന്നാണ് വിവരം. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വിവാദങ്ങള്‍ പൊടിപൊടിക്കുമ്പോഴാണ് മിനി സ്‌ക്രീനിലും അത്തരം സംഭവങ്ങളുണ്ടെന്ന വിവരം പുറത്തു വരുന്നത്. എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ഇപ്പോള്‍ ചില സിനിമാ ലൊക്കേഷനുകളില്‍ നടപ്പാക്കി വരുന്നുണ്ട്. ഐസിസി സംവിധാനം സീരിയല്‍ രംഗത്തും ഉറപ്പാക്കണമെന്ന ആവശ്യമാണെന്നതാണ് ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.