UAE

നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജപ്രചരണം; ‍മുന്നറിയിപ്പ് നൽകി ‘സാലിക്’ | monthly-income-of-aed-35600-for-residents-salik-warned-against-false-propaganda

സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജപ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക് അറിയിച്ചു. നിക്ഷേപ അവസരങ്ങളിലൂടെ താമസക്കാര്‍ക്ക് പ്രതിമാസ വരുമാനം 35,600 ദിര്‍ഹം എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്‌സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ തട്ടിപ്പ് എന്നിവയിൽ ഉപഭോക്താക്കളും നിക്ഷേപകരും ജാഗ്രത പാലിക്കണമെന്ന് സാലിക് പ്രസ്താവനയിൽ പറയുന്നു. ടോള്‍ ഓപ്പറേറ്റര്‍ ഉപഭോക്താക്കളോട് എല്ലാ വിവരങ്ങളും അതിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സ്വീകരിക്കണമെന്ന് സാലിക്ക് അധികൃതര്‍ ആവശ്യപ്പെട്ടു. സാലിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇബ്രാഹിം അല്‍ ഹദ്ദാദിന്റെ ഫോട്ടോ പതിച്ച വ്യാജ വെബ്‌സൈറ്റും പ്രചരിക്കുന്നുണ്ട്.

സംശയാസ്പദമായ ലിങ്കുകളിലോ പോപ്പ്അപ്പ് പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾക്കായി സാലിക്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ആശയവിനിമയ ചാനലുകളും മാത്രം സന്ദർശിക്കണമെന്നും പ്രസ്താവനയിൽ നിർദേശിച്ചു.