സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയമാണ് ഗര്‍ഭകാലം. എന്നാല്‍ ഈ സമയത്ത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം ചര്‍മം സെന്‍സിറ്റീവ് ആകുന്നു. കണ്ണിനടിയില്‍ കറുപ്പ് പടരുന്നതാണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭകാലത്ത് പല സൗന്ദര്യ വര്‍ധക വസ്തുക്കളും അലര്‍ജിയുണ്ടാക്കാം. എന്നാല്‍ ഗര്‍ഭകാലത്തെ സൗന്ദര്യ സംരക്ഷണം അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒന്ന് ശ്രദ്ധിച്ചാല്‍ ഈ സമയത്ത് കൂടുതല്‍ സുന്ദരിയാകാം.
ഗര്‍ഭകാലത്തെ സൗന്ദര്യ സംരക്ഷണത്തിന് എന്തൊക്കെ ചെയ്യണമെന്ന് നോക്കാം;
മതിയായ ഉറക്കം
എല്ലാ ദിവസവും രാത്രിയില്‍ കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. നന്നായി ഉറങ്ങുന്നത് കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് വരാതിരിക്കുന്നതിനും ചര്‍മ്മം മങ്ങിപോകാതിരിക്കുവാനും സഹായിക്കും.
ജലാംശം നിലനിര്‍ത്തുക, ശരിയായി കഴിക്കുക
നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നതിന് ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുഞ്ഞിന് നല്ലതാണെന്ന് മാത്രമല്ല, ചര്‍മ്മത്തിലെ മങ്ങലും ക്ഷീണവും അകറ്റാന്‍ സഹായിക്കും .
മുടി മിനുക്കല്‍
മുടിവെട്ടി വൃത്തിയായി സൂക്ഷിക്കുക. അതിനായി കൂടുതല്‍ സമയം കളയേണ്ടതില്ല . മുടിയ്ക്ക് നിറം നല്‍കുക , മുടി അയണ്‍ ചെയ്യുക അല്ലെങ്കില്‍ ചുരുളിക്കുക തുടങ്ങിയവ ഒന്നും ആദ്യ മൂന്ന് മാസം ചെയ്യുന്നത് സുരക്ഷിതമല്ല . അതിനുശേഷം നിങ്ങളുടെ ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം ചെയ്യാവുന്നതാണ്.
മുഖക്കുരു ഉണ്ടാവുന്നത് തടയാം
ഗര്‍ഭാവസ്ഥയില്‍ മിക്കവര്‍ക്കും ചര്‍മ്മത്തിലെ സ്വാഭാവികമായ തിളക്കം നഷ്ടപ്പെടാം അതില്‍ വിഷമിക്കേണ്ട. ദിവസത്തില്‍ രണ്ടുതവണ സോപ്പ് രഹിത ഫേസ്വാഷ് ഉപയോഗിച്ച് മുഖം കഴുകുക. വളരെ മൃദുവായി വേണം ചര്‍മ്മത്തെ കഴുകി തുടക്കേണ്ടത്. ഒരിക്കലും സ്‌ക്രബ് ചെയ്യുകയോ കുരുക്കള്‍ ഞെക്കി പൊട്ടിക്കുകയോ ചെയ്യരുത്. ഈ സമയങ്ങളില്‍ എണ്ണമയം കുറഞ്ഞ മോയ്സ്ചുറൈസറുകളും മേക്കപ്പും തിരഞ്ഞെടുക്കുക.
മേക്കപ്പ് ടിപ്പുകള്‍
ലളിതമായ കാര്യങ്ങള്‍ ഉപയോഗിക്കുന്നതാവും ഈ കാലത്ത് നല്ലത്. ചിലര്‍ക്ക് ഗര്‍ഭധാരണ സമയത്ത് നല്ല തിളക്കമുള്ള മുഖം ലഭിക്കും. എന്നിരുന്നാലും ഈ ഹോര്‍മോണുകളുടെയെല്ലാം ഫലമായി നിങ്ങള്‍ക്ക് ചര്‍മ്മം മങ്ങിപോകുകയാണെങ്കില്‍ നിങ്ങള്‍ പുറത്തേക്ക് പോകുന്നതിനുമുമ്പ് അല്പം പ്രസ്സ്ഡ് പൗഡര്‍ , ഐലൈനര്‍, ലിപ്സ്റ്റിക്ക് എന്നിവ ഉപയോഗിക്കാം.
സ്‌ട്രെച്ച് മാര്‍ക്കുകള്‍
ഗര്‍ഭധാരണം മൂലം സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടാവുന്നത് സര്‍വ്വസാധാരണമാണ് . ഗര്‍ഭം ധരിക്കുന്ന നിമിഷം മുതല്‍ കൊക്കോ ബട്ടര്‍ ക്രീം ഉപയോഗിക്കുന്നത് ഒരു പരിധി വരെ മാര്‍ക്ക് കുറയ്ക്കാന്‍ സഹായിക്കും. ആവണകണ്ണ അല്ലെങ്കില്‍ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും നല്ലതാണ്.
സ്വയം മാനിക്യൂര്‍, പെടിക്യൂര്‍ നല്‍കുക
സാധാരണ ഈ സമയത്ത് വേഗത്തില്‍ നിങ്ങളുടെ നഖങ്ങള്‍ വളരുന്നതിനാല്‍, മാനിക്യൂര്‍, പെഡിക്യൂര്‍ പതിവ് കാര്യമാക്കുക. ഇടയ്ക്ക് കുറച്ച് ചെറുചൂടുവെള്ളം എടുത്ത് കൈയും കാലും അതില്‍ കുറച്ച് നേരം മുക്കി വയ്ക്കുക.അതിന് ശേഷം കുറച്ച് കൈയും കാലും സ്‌ക്രബ് ചെയ്യുകയും നഖം വെട്ടി വൃത്തിയാക്കി നെയില്‍ പോളിഷ് ഇടുകയും ചെയ്യുക.
പല്ലുകള്‍ ശ്രദ്ധിക്കുക
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ദന്ത പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട് , ഇത് കുഞ്ഞിന്റെ ശരീര ഭാരത്തെ സാരമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത് . അതിനാല്‍, നിങ്ങള്‍ നല്ല ദന്ത ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
[മേല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം ജീവിത ശൈലിയില്‍ ഉള്‍പ്പെടുത്തുക]