ഇന്ത്യൻ ബീച്ചുകളിൽ ഗോവക്കുള്ള സ്ഥാനം എടുത്തു പറയേണ്ടതില്ലല്ലോ. ഇന്ത്യൻ ബീച്ച് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഗോവ തന്നെയായിരിക്കും. എന്നാൽ ഗോവയെക്കാൾ മനോഹരമായ ബീച്ച് നമുക്ക് തൊട്ടടുത്ത് തന്നെയുണ്ട്. വിനോദസഞ്ചാരത്തിന് മാത്രമല്ല തീർത്ഥാടനത്തിനും ഇവിടേക്ക് ചെല്ലാം. ഗോകർണത്തെക്കുറിച്ചാണ് പറയുന്നത്.
ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം മഹാബലേശ്വര ശിവക്ഷേത്രമാണ്. ക്ഷേത്രങ്ങളെ കൂടാതെ ഇവിടുത്തെ മനോഹരമായ കടൽത്തീരങ്ങൾ എന്നും സഞ്ചാരികളെ ആകർഷിക്കുന്നു.
ഇന്ത്യയിലെ നാല് പ്രധാന പുരാതന ബീച്ചുകളുടെ പട്ടികയിലുള്ള ഒന്നാണ് ഇവിടുത്തെ ഗോകർണം ബീച്ച്. സ്വർണവർണ മണൽപായവിരിച്ച ഈ കടൽക്കരയിൽ വളരെ സാഹസികമായ പാരാസെയ്‌ലിങ്, സ്‌നോർക്കിലിങ് പോലുള്ള വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ ബീച്ചും ഇതിനോട് ചേർന്നുള്ള പ്രകൃതിയും അതിസുന്ദരിയായതുകൊണ്ടുതന്നെ ഇവിടെയെത്തുന്ന സഞ്ചാരികളും നിരവധിയാണ്.
കുഡ്‌ലെ ബീച്ച്, ഗോകർണ ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച്. ഇതിൽ പ്രധാനപ്പെട്ട ബീച്ച് ഗോകർണയാണ്. എന്നാൽ, വലുപ്പമേറിയത് കുഡ്‌ലെ ബീച്ചാണ്. ജനപ്രിയമെങ്കിലും ഇവിടെ കടലിൽ നീന്തുകയെന്നത് അൽപം അപകടം പിടിച്ച പരിപാടിയാണ്. ഓം ആകൃതിയിൽ കിടക്കന്ന തീരത്തെയാണ് ഓം ബീച്ച് എന്ന് പറയുന്നത്.
ഓം ആകൃതിയിൽ കിടക്കുന്ന തീരത്തിന്റെ വളവുകളിൽ കടൽ ശാന്തമായി ഒരു കുളം പോലെ കിടക്കുയാണ്. നീന്തലറിയാത്തവർക്കും ഇവിടത്തെ കടലിൽ ധൈര്യമായി കുളിച്ചുകയറാം. കുഡ്‌ലെ ബീച്ചിൽ ഇറങ്ങുന്നത് അപകടമാണ്. ഗോകർണത്തെത്തുന്ന സഞ്ചാരികളിൽ കൂടുതലും വിദേശികളായതിനാൽ ഭക്ഷണവും താമസവും നിരക്ക് ഉയർന്നതാണ്. ഭക്തിയുടെയും വിനോദത്തിന്‌റെയും അന്തരീക്ഷം ഒരേപോലെ പ്രധാനം ചെയ്യുന്ന ഇടമാണ് ഗോകർണം.
നവംബർ മുതൽ ഫെബ്രുവരി വരെയാണ് സീസൺ.
ബെംഗളൂരു നിന്ന് 450 കിലോമീറ്റർ അകലെയാണ് ഗോകർണം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റർ. റോഡ് മാർഗം ആണെങ്കിൽ മംഗലാപുരം വഴി NH 17 ലൂടെ ഗോകർണം എത്താം. കേരളത്തിൽ നിന്ന് ഗോകർണം വരെ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്.
content highlight : gokarna-travel-guide