വയനാട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുട്ടിയിടം’ പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളില്‍ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. കുട്ടികള്‍ക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏര്‍പ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം.
ദുരന്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ്‌സ് ഹൈസ്‌കുള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്, ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്‌കൂള്‍, കോട്ടനാട് യു.പി സ്‌കൂള്‍, കാപ്പംകൊല്ലി ആരോമ ഇന്‍, അരപ്പറ്റ സി.എം.എസ്, റിപ്പണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മേപ്പാടി എച്ച്.എസ്, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂള്‍, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കല്‍പ്പറ്റ ഡീപോള്‍, മേപ്പാടി ജി.എല്‍.പി.എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവില്‍ കുട്ടിയിടം പദ്ധതി ആരംഭിച്ചത്.
പൊതുജനങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് കുട്ടികള്‍ക്കാവശ്യമായ കളറിങ് ബുക്കുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ ലഭിച്ചത്. കുട്ടികളുടെ മാനസിക സംഘര്‍ഷം കുറക്കുന്നതിനായി മാജിക് ഷോ, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ പരിപാടികളും കുട്ടിയിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യൂണിസെഫുമായി സഹകരിച്ച് കുട്ടികള്‍ക്കായി ആര്‍ട്ട് തെറാപ്പിയും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്.
അതേസമയം, മുണ്ടക്കൈ ,ചൂരല്‍ മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കളക്ടറേറ്റ് ആസ്ഥാനത്തെ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ ഓഫീസില്‍ ഇതുവരെ ലഭിച്ചത് 843 ഫോണ്‍ കോളുകള്‍. അപകടമുണ്ടായ ജൂലൈ 29 ന് അര്‍ദ്ധ രാത്രിയോടെ അപകട മേഖലയില്‍ നിന്നും ആദ്യ വിളിയെത്തി. തുടര്‍ന്ന് ഇന്‍സിഡന്റ് റസ്പോണ്‍സ് സിസ്റ്റം പ്രവര്‍ത്തനമാരംഭിക്കുകയും ജില്ലാ അടിയന്തര കാര്യനിര്‍വഹണ ഓഫീസ് കമാന്റിങ് കണ്‍ട്രോള്‍ യൂണിറ്റായി പ്രവര്‍ത്തിക്കുകയുമായിരുന്നു.
കണ്‍ട്രോള്‍ റൂമിലേക്കെത്തുന്ന ഫോണ്‍ സന്ദേശങ്ങള്‍ക്കുള്ള വിവരങ്ങള്‍ കൈമാറാന്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ-റവന്യൂ വിഭാഗം ജീവനക്കാര്‍, ഹസാഡ് അനലിസ്റ്റ്, കണ്‍സള്‍ട്ടന്റ് ഉള്‍പ്പെടെ 15 ഓളം ജീവനക്കാരാണ് ഉള്ളത്. 365 ദിവസവും എല്ലാ സമയവും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ -8078409770, 9526804151, 204151.
CONTENT HIGHLIGHTS;’Kuttyyedam’ started: will the psychological conflicts in the face of disaster decrease? ; Control room without closing your eyes