ഓരോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന കാലത്താണ് നമ്മള്‍ ഉണരുന്നത്. അപ്പോഴൊക്കെയും ആസ്വസിക്കുന്നത്, നമ്മള്‍ താമസിക്കുന്ന ഇടത്തല്ലല്ലോ ദുരന്തം ഉണ്ടായതെന്നുമാണ്. പക്ഷെ, ഒന്നോര്‍ക്കുക, നമ്മുടെ കൂടെത്തന്നെയുണ്ട് പ്രകൃതി ദുരന്തങ്ങള്‍. കേരളത്തിന്റെ തലസ്ഥാന ജില്ല അത്ര സുരക്ഷിതമൊന്നുമല്ല. പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ തലസ്ഥാന ജില്ലയ്ക്ക് അത്രയക്കും കെല്‍പ്പുമില്ല. ഏവു മലകള്‍ക്കിടയിലുള്ള നഗരമാണ് തിരുവനന്തപുരം എന്നു പോലുമറിയാത്ത എത്രയോപേരുണ്ട് ഈ ജില്ലയില്‍. ഐഎസ്.ആര്‍.ഒയുടെ റിമോട്ട് സെന്‍സിംഗ് സെന്ററിന്റെ പഠനത്തില്‍ ഇന്ത്യയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ തിരുവനന്തപുരത്തന്റെ സ്ഥാനം മുപ്പതില്‍ താഴെയാണ്.
അതായത് 28-ാമത്. തിരുവനന്തപുരത്ത് 17 പഞ്ചായത്തുകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുകയാണ്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് ഈ പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നതും. തിരുവനന്തപുരം പ്രകൃതി ദുരന്തസാധ്യതാ ജില്ലയാണോ എന്ന് മനസ്സിലാക്കാന്‍ വിവിധ പഠനങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തയ്യാറാക്കി ദുരന്തസാധ്യതാ പ്രദേശങ്ങളുടെ ഭൂപടത്തില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷെ, തിരുവനന്തപുരത്തല്ലാതെ മറ്റ് മലയോര ജില്ലകളില്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ വിലപിക്കുകയും എന്നാല്‍, നമ്മള്‍ സരുക്ഷിതരാണെന്ന് സ്വയം വശ്വസിപ്പിക്കുകയും ചെയ്യുകയാണ് ഓരോരുത്തരും.
അങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണ്, ഓര്‍മ്മയുണ്ടോ ? അമ്പൂരി എന്ന തലസ്ഥാന ജില്ലയിലെ ഒരു പ്രദേശം. ഒരു രാത്രി വെളുത്തപ്പോള്‍ സര്‍വ്വതും ഇല്ലാതാക്കിയ ഉരുള്‍പൊട്ടലുണ്ടായ ഇടം. 2001ലാണ് ആ ദുരന്തം തലസ്ഥാനത്തെ വിറപ്പിച്ചത്. അന്ന് മണ്ണിലും ചെളിയിലും പാറക്കൂട്ടങ്ങള്‍ക്കടിയിലും ജീവന്‍ നഷ്ടമായത് 39 പേര്‍ക്കാണ്. തലസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍. അതും കഴിഞ്ഞ് രണ്ടു പതിറ്റാണ്ടിനിപ്പുറം വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉരുള്‍ള്‍പൊട്ടി 350ഓളം ജീവനുകള്‍ മരണം കൊണ്ടുപോയിരിക്കുന്നു. തലസ്ഥാന ജില്ലക്കാര്‍ എന്തു പാഠമാണ് അമ്പൂരിയില്‍ നിന്നും ഉള്‍ക്കൊണ്ടത്. ഇനിയും ഉരുള്‍പൊട്ടല്‍ വരില്ലാ എന്നാണോ ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍, അതിനെല്ലാം വിരുദ്ധമായാണ് ദുരന്ത നിവാരണ അതോറിട്ടിയുടെ ദുരന്തസാധ്യതാ ഭൂപടത്തില്‍ വരച്ചു വെച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് 45.6 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്രമായ ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ഇടങ്ങളാണ്. അതായത്, ഉരുള്‍പൊട്ടിയാല്‍ ഒരു പുല്‍നാമ്പു പോലും അവശേഷിക്കില്ലെന്ന് സാരം. 114.9 ചതുരശ്ര കിലോമീറ്ററില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അമ്പൂരി, പെരിങ്ങമ്മല, വര്‍ക്കല ചൊവ്വര എന്നിവിടങ്ങള്‍ ഒട്ടും സുരക്ഷിതമല്ല. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ മാപ്പില്‍ ഈ പ്രദേശങ്ങളുടെ അപകട സാധ്യത വ്യക്തമായി പറഞ്ഞിട്ടുണ്ട്. കനത്ത മഴപെയ്യുമ്പോള്‍, മഴയുടെ തീവ്രത അനുസരിച്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇതില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ഈ പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം.
ജില്ലയിലെ മലയോര മേഖലകളാണ് പ്രധാനമായും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നത്. മറ്റിടങ്ങളില്‍ കടല്‍ക്ഷോഭം, കള്ളക്കടല്‍ പ്രകിഭാസം, ഇടിമിന്നല്‍, വെള്ളപ്പൊക്കം, വെള്ളക്കെട്ട്, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളും ഭീ,ണി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇടുക്കി കണ്ണൂര്‍ വയനാട് കോഴിക്കോട് എന്നീ ജില്ലകളെ അപേക്ഷിക്ക് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത് തിരുവനന്തപുരത്ത് കുറവാണ്. എങ്കിലും പ്രത്യേകമായി എടുത്തു പറയുന്ന പ്രപ്രദേശങ്ങളില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വളരെ മൃദുവായ മണ്ണിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണം. മഴ തുടങ്ങുമ്പോള്‍ വളരെയധികം സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കേണ്ടതാണ്.
ഇതിനുള്ള നടപടികള്‍ നേരത്തേ തന്നെ തുടങ്ങണം. തലസ്ഥാനത്തു മാത്രം 185 ഹെക്ടര്‍ പ്രദേശമാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. ആര്യനാട്, അമ്പൂരി, കുറ്റിച്ചല്‍, കള്ളിക്കാട്, കാട്ടാക്കട, കുന്നത്തുകാല്‍, മലയിന്‍കീഴ് നന്ദിയോട് ഒറ്റശേഖരമംഗലം, പള്ളിച്ചല്‍ പാങ്ങോട്, പെരിങ്ങമ്മല, പെരുങ്കടവിള, തൊളിക്കോട്, വെള്ളറട വിളപ്പില്‍, വിതുര എന്നീ പഞ്ചായത്തുകള്‍ ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, ഇടിമിന്നല്‍, മേഘവിസ്‌ഫോടനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ്. ഇതിനു പ്രധാന കാരണം, കുന്നിടിക്കല്‍, പാറപൊട്ടിക്കല്‍, വനനശീകരണം, തുടങ്ങിയവയാണ്.
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണവും, കൃഷിയും മറ്റ് വ്യവസായങ്ങളും ദോഷം ചെയ്തിട്ടുണ്ട്. ഇനിയും പ്രകൃതിയെ ചൂഷണം ചെയ്താന്‍ പ്രകൃതി ദുരന്തങ്ങളുടെ വ്യാപ്തിയും തീവ്രതയും വര്‍ദ്ധിക്കും. സന്തുലിതാവസ്ഥ നഷ്ടപ്പെട്ട പ്രകൃതിയുടെ മഴയളവു പോലും കണക്കു കൂട്ടാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഇതിനു പുറമേയാണ് മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളുടെ പട്ടികയും.
CONTENT HIGH LIGHTS;Is Thiruvananthapuram that safe? : How much is on the natural disaster risk list? ; do you know