കേരളത്തിന്‍റെ വ്യവസായ, വാണിജ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വാണിജ്യ നയം ഈ വര്‍ഷം കൊണ്ടുവരുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ്. കേരളത്തിന്‍റെ പുതിയ കരട് വാണിജ്യനയം ചര്‍ച്ച ചെയ്യുന്നതിനായി ബഹുരാഷ്ട്ര കമ്പനികളുടെയും വാണിജ്യ സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പൊതുമണ്ഡലത്തില്‍ പ്രസിദ്ധപ്പെടുത്തി അഭിപ്രായങ്ങള്‍ പരിഗണിച്ച് കരട് വാണിജ്യ നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഈ നടപടിക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചിരുന്നു. ഈ മാതൃകയിലാണ് ഈ വര്‍ഷം വാണിജ്യ നയം പുറത്തിറക്കുക. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസ്യതമായി കേരളത്തിന്‍റെ വാണിജ്യ സാധ്യതകള്‍ക്ക് ഉത്തേജനം നല്‍കുകയെന്നുള്ളതാണ് പുതിയ കരട് നയത്തിന്‍റെ അടിസ്ഥാന ലക്ഷ്യം.
പുതിയ നയം അന്തിമമാകുന്നതിന് മുമ്പ് ബഹുരാഷ്ട്ര കമ്പനികളുടെ പ്രതിനിധികള്‍, അഭ്യുദയകാംക്ഷികള്‍, വാണിജ്യ സംഘടന പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് യോഗം സംഘടിപ്പിച്ചത്. ബഹുരാഷ്ട്ര കമ്പനി പ്രതിനിധികള്‍ക്കും വാണിജ്യ സംഘടന പ്രതിനിധികള്‍ക്കുമായി രാവിലെയും ഉച്ചക്കുശേഷവും രണ്ടു ഘട്ടങ്ങളിലായിട്ടായിരുന്നു യോഗം.
കരട് വാണിജ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു. വ്യവസായ നയം 2023 തയ്യാറാക്കുന്ന വേളയില്‍ സംസ്ഥാനത്തെ വ്യവസായികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വ്യവസായ നയരൂപീകരണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വ്യവസായ മേഖലയില്‍ നിന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സ്വീകരിച്ചിരുന്നു. അതേ മാതൃക തന്നെയാണ് വാണിജ്യ നയരൂപീകരണത്തിലും പിന്തുടരുന്നത്.