ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഹസീനയെ സ്വീകരിച്ചു. അവര്‍ ഉടന്‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് സൈന്യത്തിന്റെ നിർദേശപ്രകാരമാണ് ഹസീന രാജിവെച്ച് രാജ്യം വിട്ടത്. സഹോദരിയോടൊപ്പമാണ് രാജ്യംവിട്ടത്. ത്രിപുരയിലെ അഗർത്തലയിൽ ഇവർ എത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പ്രധാനമന്ത്രി രാജിവെച്ചതോടെ വലിയ ആഘോഷമാണ് ബംഗ്ലാദേശിൽ. രാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വകാർ ഉസ് സമാൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകി.
അതേസമയം, ബംഗ്ലാദേശിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അവിടേക്കുള്ള മുഴുവന്‍ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്റെ പരിസരത്ത് സുരക്ഷ കര്‍ശനമാക്കി.ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് തിരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ഇന്ത്യന്‍ അതിര്‍ത്തിയോട് അടുക്കുന്ന സി 130 വിമാനത്തെ നിരീക്ഷിച്ചു തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്തു. ഡല്‍ഹിയെ ലക്ഷ്യമാക്കിയാണ് വിമാനം നീങ്ങിക്കൊണ്ടിരുന്നത്. വൈകീട്ട് അഞ്ചു മണിക്കും 5.15-നുമിടെ വിമാനം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിമാനം പട്നയ്ക്ക് മുകളിലെത്തിയതും യു.പി അതിര്‍ത്തി കടന്ന് പറന്നതുമെല്ലാം സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ സി 130 ജെ ഹെര്‍ക്കുലീസ് മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നത്.