നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിൽ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
സബോര്‍ഡിനേറ്റ് ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ജനറലിനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. രജിസ്ട്രിയുടെ കൈവശം ലഭ്യമല്ലെങ്കില്‍ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിയില്‍ നിന്ന് വിളിച്ചുവരുത്താനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഉപഹര്‍ജിയിലൂടെ ഉന്നയിക്കാനാകുമോയെന്ന കാര്യത്തില്‍ അതിജീവിതയുടെ വാദം പൂര്‍ത്തിയായി.
ഗൗരവതരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ നടപടിക്രമങ്ങള്‍ നോക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതി വിധിയെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗവര്‍വാളാണ് അതിജീവിതയ്ക്ക് വേണ്ടി വാദങ്ങള്‍ ഉന്നയിച്ചത്. ഉപഹര്‍ജിയില്‍ കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ വാദം ഹൈക്കോടതി ഓഗസ്റ്റ് 21ന് കേള്‍ക്കും.