ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും. ചൊവ്വാഴ്ച ധാക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. യാത്രാ തീയതി മാറ്റാനും ഇളവുകളോടെ ടിക്കറ്റ് കാൻസൽ ചെയ്യാനും സൗകര്യമുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രക്ഷോഭത്തെ തുടർന്ന് ധാക്ക അന്താരാഷ്ട്ര വിമാനത്താവളം ആറ് മണിക്കൂർ അടച്ചതായി സൈന്യം അറിയിച്ചു.
ബംഗ്ലാദേശില്‍ രൂപംകൊണ്ടിരിക്കുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലേക്കും അവിടെനിന്നുമുള്ള മുഴുവന്‍ സര്‍വീസുകളും അടിയന്തരമായി റദ്ദാക്കിയെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും എയര്‍ ഇന്ത്യ, എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുണ്ട്.
രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കടുത്തതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടിരുന്നു. പിന്നീടവര്‍ സൈനിക വിമാനത്തില്‍ ഇന്ത്യയിലെത്തി. ഇവിടെനിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. സൈന്യത്തിന്റെ നിർദേശപ്രകാരം ഇവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.