തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധന ഫലമാണ് പോസിറ്റീവായത്. ഇയാളുടെ സാമ്പിളും വിശദ പരിശോധനയ്ക്ക് അയക്കും. നിലവിൽ ചികിത്സയിൽ നാല് പേരാണ്. മറ്റൊരാൾ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ 23ന് മരിച്ച നെല്ലിമൂട് സ്വദേശിക്ക് ഉൾപ്പടെ അഞ്ച് പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കഠിനമായ പനിയും തലവേദനെയെും തുടര്‍ന്ന് 21ആം തീയതിയാണ് ഈ യുവാവിനെ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ചത്. അന്ന് തന്നെ യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരം സംശയിച്ചെങ്കിലും ഇന്നാണ് സാമ്പിൾ ഫലം ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടത്.
യുവാവിന്റെ മരണത്തിന് പിന്നാലെയാണ് ബന്ധു കൂടിയായ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ ഇയാളിലും അമീബിക്ക് മസ്തിഷ്ക ജ്വരം കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് ഇത് ആദ്യമായാണ് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. രോഗബാധ സംശയിക്കുന്ന ഒരാൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പായൽ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നിർദേശമുണ്ട്. സ്വയം ചികിത്സ പാടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ മുന്നറിയിപ്പ് നൽകി.