ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ ക്ഷീരവികസന മേഖലയിൽ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. ക്ഷീര കർഷർക്ക് ലഭിക്കുന്ന പാലിന്റെ ലഭ്യതയിലുണ്ടായ കുറവ്, കാണാതായ കന്നുകാലികൾ, നശിച്ച പുൽകൃഷി തുടങ്ങിയവയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
12 ക്ഷീര കർഷകരാണ് ദുരന്ത ബാധിത മേഖലയിൽ ഉണ്ടായിരുന്നത്. ദുരന്തത്തിൽ 30 ഏക്കർ പുൽകൃഷി നശിച്ചു. 7.8 ലക്ഷം രൂപയുടെ നഷ്ടം ഇത് മൂലമുണ്ടായി. 112 കന്നുകാലികളാണ് മേഖലയിൽ ഉണ്ടായിരുന്നത്. ഇതിൽ 48 എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റുള്ളവക്ക് ദുരന്തത്തിൽ ജീവൻ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തു. ഇതു വഴി 51.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
മേഖലയിലെ ക്ഷീരകർഷകർക്ക് ദിനംപ്രതി ലഭിച്ചിരുന്ന പാൽ 324 ലിറ്ററിൽ നിന്നും 123 ലിറ്ററായി കുറഞ്ഞു. പാൽ വിറ്റുവരവിൽ 73,939.4 രൂപയുടെ നഷ്ടമാണുണ്ടായത്. കാലിത്തൊഴുത്തുകൾ നശിച്ചത് മൂലം 8.4 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. ഇത്തരത്തിൽ ആകെ 68,13,939 രൂപയുടെ നഷ്ടമാണ് മേഖലയിൽ കണക്കാക്കുന്നത്.