ഉരുള്‍പൊട്ടല്‍ മേഖലയായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
ഈ മേഖലയില്‍ നിന്നും 406 പേരെയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. അസം, മധ്യപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, റാണിമല എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കീഴില്‍ 321 പേരും റാണിമല എസ്റ്റേറ്റ് മേഖലയില്‍ 28 തൊഴിലാളികളുമാണുള്ളത്.