ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് രാജിവെച്ചശേഷം ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തില്‍ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അതിനിടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. മോദിയും ഹസീനയും കൂടിക്കാഴ്ച നടത്തുമോ എന്നകാര്യം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ഷെയ്ഖ് ഹസീന ഉടന്‍ ലണ്ടനിലേക്ക് യാത്രതിരിക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതീവ ജാഗ്രത പാലിക്കാന്‍ അതിര്‍ത്തി രക്ഷാസേനയോട് (ബി.എസ്.എഫ്) അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാര്‍ലമെന്റ് സമ്മേളനത്തിനിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സംവരണ വിഷയത്തിൽ ഭരണകൂടത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് ശൈഖ് ഹസീനയോട് രാജിവെക്കാൻ സൈന്യം അന്ത്യശാസനം നൽകിയത്. ശൈഖ് ഹസീന രാജ്യംവിട്ടതോടെ രാജ്യത്തെ അഭിസംബോധന ചെയ്ത് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് കർഫ്യൂവിന്റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യമില്ലെന്നും ഇന്ന് രാത്രിയോടെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും ജനറൽ വഖാർ ഉസ് സമാൻ വ്യക്തമാക്കി.
രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡന്റ് മുഹമ്മദ് ശിഹാബുദ്ദീനുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി. ഇടക്കാല സർക്കാർ രൂപീകരണം സംബന്ധിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയെന്നും മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും ഭരണത്തിൽ പങ്കാളിത്തം ഉണ്ടായിരിക്കുമെന്നും സേനാ മേധാവി വ്യക്തമാക്കി.