ന്യൂഡൽഹി: മണിപ്പൂരിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്താൻ രൂപീകരിച്ച സമിതിയുടെ കാലാവധി സുപ്രിംകോടതി ആറ് മാസത്തേക്ക് നീട്ടി. ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ, വിരമിച്ച ജഡ്ജിമാരുടെ ഉന്നതാധികാര സമിതിയുടെ കാലാവധിയാണ് നീട്ടിനൽകിയത്.
2023 മെയ് മുതൽ സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്താൻ രൂപീകരിച്ച സമിതിയുടെ കാലാവധി ജൂലായ് 15ന് അവസാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് ഗീതാ മിത്തലിന് പുറമേ ശാലിനി പി. ജോഷി (മുൻ ബോംബെ ഹൈക്കോടതി ജഡ്ജി), ആഷാ മേനോൻ (മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി) എന്നിവരടങ്ങിയ സമ്പൂർണ വനിതാ കമ്മിറ്റിയെ 2023 ഓഗസ്റ്റിലാണ് നിയമിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുമായിരുന്നു കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.