മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ആം ആദ്മി പാര്‍ട്ടി. മുംബൈ മേഖലയിലെ 36 സീറ്റിലും പാർട്ടി ഒറ്റയ്ക്ക് മൽസരിക്കുമെന്ന് ആം ആദ്മി നേതാവ് പ്രീതി ശർമ പറഞ്ഞു. ഇന്ത്യാ സഖ്യം ദേശീയ തലത്തിലാണ് എന്ന് വ്യക്തമാക്കിയാണ് മഹാ വികാസ് അഖാഡിയുടെ ഭാഗമാകാൻ ഇല്ലെന്ന് പാര്‍ട്ടി അറിയിച്ചിട്ടുള്ളത്.
അതേസമയം, മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ ജയിലിന് പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.