ന്യൂഡല്‍ഹി: മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുംവരെ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ പ്രധാനമന്ത്രിപദം രാജിവെച്ച ഹസീന, രാജ്യംവിട്ട് തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയിരുന്നു.
ലണ്ടനിൽ രാഷ്ട്രീയ അഭയം നേടാനുള്ള ശ്രമത്തിലാണ് അവർ. ഇക്കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. ലണ്ടനിലേക്ക് മാറുന്നത് വരെ ഹസീന ഇന്ത്യയിൽ തന്നെ തുടർന്നേക്കും. 76-കാരിയായ ഹസീന, സഹോദരി രെഹാനയ്‌ക്കൊപ്പമാണ് ബംഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. ഇവരുടെ മകള്‍ തുലിപ് സിദ്ദിഖ്, ബ്രിട്ടിഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടിയുടെ അംഗമാണ്.
ബംഗ്ലാദേശിൽ ഭരണം പിടിച്ചെടുത്ത സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീന ബംഗ്ലാദേശ് വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും പാർലമെന്റ് മന്ദിരത്തിലും പ്രതിഷേധക്കാർ അഴിഞ്ഞാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.