വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് സേവനങ്ങൾക്ക് ഏകീകരിച്ച ഫീസ് ഘടന കൊണ്ടുവരാൻ തീരുമാനിച്ച് യു.എ.ഇ. ചാർജിങ് സേവനങ്ങളുടെ ഫീസ് ഏകീകരിക്കുന്നത് സംബന്ധിച്ച് അടുത്തിടെ യു.എ.ഇ ധനകാര്യ മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം പുതിയ ഫീസ് ഘടന രാജ്യവ്യാപകമായി ബാധകമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അതുപ്രകാരം സെപ്റ്റംബർ ആറു മുതൽ ഏകീകരിച്ച ഫീസ് ഘടന നിലവിൽവരുമെന്നാണ് വിവരം. നിലവിൽ ഷോപ്പിങ് മാളുകളിൽ മാത്രമാണ് ചാർജിങ് സൗജന്യം. മറ്റ് സ്ഥലങ്ങളിൽ ദീവയുടെയും മറ്റ് കാർഡുകളും മറ്റും ഉപയോഗിച്ചാണ് ചാർജിങ് ഫീസ് അടക്കുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി രാജ്യത്താകെ ഏകീകൃത ഫീസ് ഘടന കൊണ്ടു വരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും മറ്റ് പ്രധാന അതോറിറ്റികളുമാണ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് ചാർജിങ് ഫീസ് ഈടാക്കുക. അതിവേഗ ചാർജിങ് (എക്സ്പ്രസ്), വേഗം കുറഞ്ഞ (സ്ലോ) ചാർജിങ് എന്നിങ്ങനെ രണ്ട് സ്ലാബുകളിലായാണ് ഫീസ് ഘടന നിശ്ചയിച്ചിരിക്കുന്നത്. എക്സ്പ്രസ് ചാർജിങ് സേവനങ്ങൾക്ക് കിലോവാട്ടിന് മിനിമം 1.20 ദിർഹവും വാറ്റ് നികുതിയുമാണ് ഇൗടാക്കുക. വേഗം കുറഞ്ഞ ചാർജിങ് സേവനങ്ങൾക്ക് മിനിമം 70 ഫിൽസും വാറ്റ് നികുതിയും ഈടാക്കും.