ന്യൂഡൽഹി: ബംഗ്ലാദേശിലെ രാഷ്‌ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടിയന്തര യോഗം ചേർന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവരടക്കമുള്ളവർ പങ്കെടുത്തു.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് സഹോദരിക്കൊപ്പം രാജ്യം വിടുകയും താത്കാലികമായി ഇന്ത്യയിൽ അഭയം പ്രാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ യോഗം ചേർന്നത്.
രാജ്യം വിട്ട് ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുകയാണ്. ഹിൻഡൻ വ്യോമസേനത്താവളത്തിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഇപ്പോഴുള്ളത്. തുടർ യാത്ര സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായില്ലെന്നാണ് വിവരം.
നേരത്തെ പ്രധാനമന്ത്രി മോദിയോട് എസ്. ജയശങ്കർ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. ബംഗ്ലാദേശിലെ നിലവിലെ സംഭവവികാസങ്ങൾ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതുകൂടാതെ കോൺഗ്രസ് എംപിയും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ ചർച്ച ചെയ്തു.
അതേസമയം, ബംഗ്ലാദേശിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിൽ അക്രമം നടന്നു എന്ന റിപ്പോർട്ടുകളുണ്ട്. ചൈനയുടെ തുടർനീക്കങ്ങളും ഇന്ത്യ നിരീക്ഷിക്കുകയാണ്. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനും സുരക്ഷ കൂട്ടി പ്രധാനമന്ത്രിയുടെ വീട്ടിൽ രാത്രി ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ബംഗ്ലാദേശിപ്പോഴുള്ള ആറായിരത്തിലധികം ഇന്ത്യക്കാരെയെല്ലാം ഒഴിപ്പിക്കേണ്ടതുണ്ടോ എന്നതിലും അടിയന്തര തീരുമാനം ഉണ്ടായേക്കും.