കാർഷിക മേഖലയെ ശക്തിപ്പെടുത്തി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ പദ്ധതിയുമായി കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം.
ഇതിനായി കാർഷിക വികസന ഏജന്റുമാരുടെയും കൃഷിക്ക് മാർഗനിർദേശം നൽകുന്ന ജീവനക്കാരുടെയും കാര്യക്ഷമത വർധിപ്പിക്കുന്ന പദ്ധതിയാണ് മന്ത്രാലയം രൂപപ്പെടുത്തിയിരിക്കുന്നത്.
ജീവനക്കാരുടെ പ്രഫഷനൽ കഴിവുകൾ വികസിപ്പിക്കുന്നതിനു പുറമേ, ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിന് ആധുനിക കാർഷിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിന് പ്രാപ്തരാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായി മണ്ണ്, ജലസേചനം, വിള, പച്ചക്കറി ഉൽപാദനം, പഴവർഗങ്ങളുടെ ഉൽപാദനം, കീടനിയന്ത്രണം, തേനീച്ച വളർത്തൽ, തേൻ ഉൽപാദനം എന്നിവയെക്കുറിച്ചുള്ള പ്രത്യേക പരിശീലന കോഴ്സുകൾ ഈ പദ്ധതിയിൽ ഉൾപ്പെടും.
കാർഷിക വികസന ഏജൻറുമാരുടെ സാങ്കേതിക വൈദഗ്ധ്യവും കഴിവുകളും വർധിപ്പിക്കുന്നതിനുള്ള പ്രഭാഷണങ്ങളും ശിൽപശാലകളും നടപ്പാക്കും. കൂടാതെ, കാർഷിക തത്ത്വങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരുന്നതിനും ആശയവിനിമയ കഴിവുകൾ വികസിപ്പിക്കുന്നതിനും ഫീൽഡ് കോഴ്സുകളും പ്രോഗ്രാമിൽ ഉൾപ്പെടുത്തും.